നാഗ്പുര്‍: 2003 മുംബൈ ഇരട്ടസ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഹനീഫ് സയിദ് മരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന പ്രതിയ്ക്ക് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്ന് തന്നെ മൃതദേഹം വിട്ട് നല്‍കുമെന്ന് ജയില്‍ സൂപ്രണ്ട് പൂജ ബോസ്‌ലെ അറിയിച്ചു.

ഹനീഫ് സയിദിന്റെ വധശിക്ഷ 2012 ലാണ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. തുടര്‍ന്ന് ഇയാളെ യേര്‍വാഡ ജയിലില്‍ നിന്നും നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. 2003 ആഗസ്റ്റില്‍ ഗേറ്റ്വേ ഓഫ് ഇന്ത്യയിലും സവേരി ബസാറിലും ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 54 പേര്‍ മരിക്കുകയും 244 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസില്‍ ഹനീഫ് സയിദിന്റെ ഭാര്യ ഫെഹ്മിദയും ശിക്ഷ അനുഭവിച്ചു വരികയാണ്. ഹനീഫ് സയിദ്, ഭാര്യ ഫെഹ്മിദ സയിദ്, അനീസ് അഷ്റത് അന്‍സാരി എന്നിവര്‍ ചേര്‍ന്നാണ് സ്‌ഫോടനങ്ങള്‍ നടത്തിയത്. ലഷ്‌കറെ ത്വയ്യിബ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത് ഇവരെ ബോംബ് വെക്കുന്നതിനായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.