Wednesday, April 24, 2024
spot_img

എസ്. രാജേന്ദ്രന്റെ പരാമര്‍ശം ഉചിതമായില്ലെന്ന് എം.എല്‍.എയുടെ പാർട്ടി തന്നെ പറഞ്ഞിട്ടുണ്ട്; ഡോ.രേണുരാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്നും കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിര്‍മ്മാണം തടഞ്ഞ ദേവികുളം സബ്കളക്ടര്‍ ഡോ.രേണുരാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമലംഘനം നടന്നാല്‍ അക്കാര്യം കോടതിയെ അറിയിക്കുന്നത് ഉദ്യോഗസ്ഥരുടെ ജോലിയാണെന്നും നിയമാനുസൃതം ജോലിചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ പരാമര്‍ശം ഉചിതമായില്ലെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ പറഞ്ഞിട്ടുണ്ട്. നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനിപ്പുറം വേറൊരു പ്രതികരണം ആവശ്യമില്ല. കോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ ആരെങ്കിലും തടസം നിന്നാല്‍ അത് കോടതിയെ അറിയിക്കാനുള്ള ബാധ്യത ഉദ്യോഗസ്ഥയ്ക്കുണ്ട്. അവര്‍ അത് ചെയ്യുന്നതില്‍ വേറെ രാഷ്ട്രീയം ഒന്നും കാണേണ്ട- കാനം പറഞ്ഞു.

അതേസമയം, പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്‌ പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്ത് വനിതാ വ്യവസായ കേന്ദ്രത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള സബ്കളക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി. അനധികൃത നിര്‍മ്മാണം എം.എല്‍.എ എസ് രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണെന്നും സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി എം.എല്‍.എ തടസപ്പെടുത്തിയെങ്കിലും വ്യക്തിപരമായ അധിക്ഷേപത്തെ കുറിച്ച്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

Related Articles

Latest Articles