തിരുവനന്തപുരം: മുല്ലപ്പെരിയാർ (Mullaperiyar) അണക്കെട്ട് നാളെ രാവിലെ തന്നെ തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തമിഴ്നാട് രണ്ട് തവണ മുന്നറിയിപ്പ് നൽകി. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. 3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളിൽ നിന്ന് മാറ്റിയെന്ന് മന്ത്രി വിശദീകരിച്ചു. രണ്ട് ക്യാമ്പുകൾ സജ്ജമാക്കി. ഒന്നിൽ 15 കുടുംബങ്ങളിൽ നിന്നുള്ള 35 അംഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം ബന്ധുവീടുകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ട് തുറക്കുമ്പോള്‍ എത്ര ജലം ഒഴുകിയെത്തുമെന്നതിനെ അടിസ്ഥാനമാക്കിയാണ് ഒഴിപ്പിക്കല്‍ പൂർത്തിയാക്കുന്നത്. ക്യാംപുകളും വാഹനങ്ങളും ഉദ്യോഗസ്ഥരും തയാറായിട്ടുണ്ട്.
ഇടുക്കി ഡാം തുറന്നപ്പോള്‍ കൈക്കൊണ്ട മുന്നൊരുക്കങ്ങളെല്ലാം മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന് മുന്നോടിയായി കൈക്കൊണ്ടിട്ടുണ്ട്. റവന്യു, ആരോഗ്യം, ഫയര്‍ഫോഴ്‌സ്, വനം, പോലീസ് തുടങ്ങീ എല്ലാ വകുപ്പുകളും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് സുരക്ഷാ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

