Thursday, May 16, 2024
spot_img

ഒടുവില്‍ മുട്ടുകുത്തി ഡീകോക്ക്; സഹകളിക്കാരോടും ആരാധകരോടും മാപ്പുപറഞ്ഞ് ദക്ഷിണാഫ്രിക്കൻ താരം; ഇനിയുള്ള മത്സരങ്ങളില്‍ കളിക്കും

അബുദാബി: വംശീയതയ്‌ക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാത്തതില്‍ ക്ഷമ ചോദിച്ച് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ (Quinton de Kock) ക്വിന്റണ്‍ ഡി കോക്ക്. പത്രക്കുറപ്പിലൂടെ എല്ലാവരോടും മാപ്പ് പറഞ്ഞ ഡീകോക്ക് ഇനിയുള്ള മത്സരങ്ങളില്‍ മുട്ടുകുത്തി ബ്ലാക്ക് ലീവ്‌സ് മാറ്ററില്‍ പിന്തുണ നല്‍കുമെന്നും താരം വ്യക്തമാക്കി.

താന്‍ വംശീയവിരോധി അല്ലെന്നും കറുത്തവര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന കുടുംബമാണ് തന്റേതെന്നും പ്രതിഷേധിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിർബന്ധിച്ചത്തിനേത്തുടര്‍ന്നാണ് താന്‍ പിന്മാറിയതെന്നും ഡി കോക്ക് വ്യക്തമാക്കി.

‘എന്റെ സഹതാരങ്ങളോടും ആരാധകരോടും ക്ഷമ ചോദിച്ചുകൊണ്ട് തുടങ്ങട്ടെ. ഇത്രയും വലിയൊരു പ്രശ്‌നമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്നില്ല. വംശീയതക്കെതിരേ നിലപാടെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുന്നു. കായിക താരമെന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നതും മനസിലാക്കുന്നു. ഞാന്‍ മുട്ടുകുത്തിയാല്‍ മറ്റുള്ളവരെ അത് കൂടുതല്‍ ബോധവാന്മാരാക്കും. കൂറേ ആളുകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കും. അതിനാല്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് സന്തോഷം മാത്രമാണുള്ളത്’ -ഡീകോക്ക് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.

ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ഡീകോക്ക് അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തും. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തങ്ങളുടെ പിന്തുണ പ്രകടിപ്പിക്കാന്‍ മൂന്ന് വഴികള്‍ തെരഞ്ഞെടുക്കുക എന്നായിരുന്നു ബോര്‍ഡ് നിര്‍ദേശത്തില്‍ പറഞ്ഞത്. മുട്ടുകുത്തുക, മുഷ്ടി ഉയര്‍ത്തുക, അല്ലെങ്കില്‍ ശ്രദ്ധയോടെ നേരെ നില്‍ക്കുക എന്നിങ്ങനെയായിരുന്നു ഇത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ ഡി കോക്ക് തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് താരം ക്ഷമാപണവുമായി എത്തിയത്.

Related Articles

Latest Articles