ദില്ലി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കർ ഇ തൊയ്ബ കമാൻഡറുമായ സാക്കി ഉർ റഹ്മാൻ ലഖ്വി പാക്കിസ്ഥാനിൽ അറസ്റ്റിലായി. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാടുകൾ സംബന്ധിച്ച് പാകിസ്ഥാനിലെ പഞ്ചാബിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ്. പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തത്. ഇയാൾ തീവ്രവാദ പ്രവർത്തനങ്ങൾക്കുവേണ്ടി പണം സമാഹരിച്ചതായും അതുപയോഗിച്ച് ഒരു ആശുപത്രി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
മുംബൈ ആക്രമണത്തെ തുടർന്ന് ഇയാളെ ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ഏപ്രിലിൽ പാകിസ്ഥാൻ സാക്കി ഉര് റഹ്മാനെ തങ്ങളുടെ ഭീകര പട്ടികിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2008 നവംബർ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം മുംബൈയിൽ നടന്നത്. ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും മൂന്നുറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

