Friday, October 2, 2026

രാജനും അമ്പിളിയും ഉറങ്ങുന്ന മണ്ണ് ഇനി മക്കൾക്ക് സ്വന്തം; മോഹവില നൽകി സ്ഥലം സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ; ഇവിടെ പുതിയ വീട് ഉയരും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തീ കൊളുത്തി മരിച്ച ദമ്പതികളുടെ മക്കൾക്ക് ശാശ്വത സഹായവുമായി വ്യവസായി ബോബി ചെമ്മണ്ണൂർ. കുട്ടികളുടെ മാതാപിതാക്കൾ തീ കൊളുത്തി മരിക്കാൻ കാരണമായ തർക്കഭൂമിയും വീടും ബോബി ചെമ്മണ്ണൂർ ഉടമയ്ക്ക് മോഹവില കൊടുത്ത് വാങ്ങി. ഭൂമി കുട്ടികളുടെ പേരിലേക്ക് മാറ്റി എഗ്രിമെന്റ് അവർക്ക് കൈമാറും. ശനിയാഴ്ച രാവിലെ തന്നെ എഗ്രിമെൻ്റ് എഴുതിക്കഴിഞ്ഞു. ബോബിയുടെ നേതൃത്വത്തിൽ വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും.

ഇതിനായി ബോബി ചെമ്മണ്ണൂർ നേരിട്ട് തിരുവനന്തപുരത്ത് എത്തി സ്ഥലത്തിന്റെ ഉടമയായ വസന്തയെ കണ്ടിരുന്നു. രേഖകളെല്ലാം തയാറാക്കി വസന്ത പറഞ്ഞ വിലയ്ക്ക് ബോബി ആ ഭൂമി വാങ്ങുകയായിരുന്നു. കുട്ടികളെ താത്കാലികമായി തൃശൂർ ശോഭ സിറ്റിയിലെ ബോബിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ തിരിച്ചുകൊണ്ടുരാനാണ് ബോബിയുടെ തീരുമാനം.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തുകയും വിധി രാജനും കുടുംബത്തിനും എതിരാകുകയും ചെയ്തിരുന്നു. തുടർന്ന് വസ്തു ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവുമായി പോലീസും കമ്മിഷനും എത്തിയപ്പോൾ ഇവരെ പിന്തിരിപ്പിക്കാനായിരുന്നു ഭാര്യയെ ചേർത്ത് പിടിച്ച് രാജൻ ദേഹത്ത് പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിക്കാൻ ശ്രമിച്ചത്. പക്ഷെ ഇത് വകവെക്കാതെ പോലീസ് ലൈറ്റർ തട്ടി തെറിപ്പിച്ചതോടെ ദേഹത്ത് തീ പടരുകയും രണ്ട് പേരും മരിക്കുകയുമായിരുന്നു.

Related Articles

Latest Articles