മുംബൈ: ഏഴ് കോടിയുടെ കള്ളനോട്ടുമായി വൻ സംഘം അറസ്റ്റിൽ. മഹാരാഷ്‌ട്രയിൽ ആണ് സംഭവം (Fake Notes Seized). അന്തർ സംസ്ഥാന തലത്തിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായതെന്ന് മുംബൈ പോലീസ് അറിയിച്ചു. ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ ക്രൈംബ്രാഞ്ച് സംഘം നടത്തിയ പെട്രോളിങ്ങിനിടെയാണ് ഏഴംഗ സംഘം പിടിയിലാകുന്നത്. ദഹിസർ ചെക്ക്‌പോസ്റ്റിൽ നിന്നുമാണ് സംഘത്തെ പിടികൂടുന്നത്.
കാറിൽ കടത്താൻ ശ്രമിച്ച ഏഴ് കോടി രൂപയുടെ കള്ളനോട്ടും പോലീസ് പിടിച്ചെടുത്തു. കള്ളനോട്ടിന് പുറമെ ലാപ്‌ടോപ്പും ഇവരുടെ മൊബൈൽ ഫോണും 28, 000 രൂപയുടെ യഥാർത്ഥ നോട്ടുകളും തിരിച്ചറിയൽ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്ധേരിയിലെ ഒരു ഹോട്ടലിൽ റെയ്ഡ് നടത്തി. ഇവിടെ നിന്നും മൂന്ന് പേരെ കൂടി പിടികൂടുകയായിരുന്നു. കാറിൽ നിന്നും 2000 രൂപയുടെ 250 ബണ്ടിൽ കള്ളനോട്ടും ഹോട്ടലിൽ നിന്നും രണ്ടായിരത്തിന്റെ 100 കെട്ട് നോട്ടുമാണ് കണ്ടെടുത്തത്. സംഭവത്തിൽ ഇനിയും കൂടുതൽ പേർ ഉണ്ടെന്നാണ് പോലീസ് നിഗമനം. ഇവരെയും പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്.

