കേരളത്തെ ഞെട്ടിച്ച വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇത് വരെ 93 മൃതദേഹങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. ഒഴുകി വന്ന പതിന്നോന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം അറിയിച്ചു. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും നിലവിൽ രംഗത്തുള്ള സൈനികർക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിൽ അണിചേരും. സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി എത്തി. ഇന്ത്യൻ നേവിയുടെ 50 അംഗ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.
തെരച്ചിലിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ വിസിയിൽ നിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് എത്തും. തെരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി പങ്കാളിയാവും.

