തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിമരുന്ന് സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ പുരോഗമിക്കുമ്പോൾ, കനത്ത ചൂടല്ല ദുരന്തത്തിന് വഴിവെച്ചതെന്ന നിഗമനത്തിൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് വിവിധ തലങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള സാധ്യതകളാണ് പ്രധാനമായും പരിശോധിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ നേതൃത്വത്തിലുള്ള പരിശോധനകൾ പൂർത്തിയായി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സമർപ്പിക്കുന്ന റിപ്പോർട്ടാകും ദുരന്തകാരണം വെളിപ്പെടുത്തുന്നതിൽ ഏറ്റവും നിർണായകമാകുക. ലൈസൻസ് ഉണ്ടായിരുന്നെങ്കിലും സ്ഫോടനസ്ഥലത്ത് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യത്തിൽ അധികൃതർ കർശനമായ പരിശോധന തുടരുകയാണ്.
അതേസമയം, സ്ഫോടനസ്ഥലത്ത് ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ നടപടികൾ അധികൃതർ പൂർത്തിയാക്കി. എഡിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക തെളിവെടുപ്പിനൊടുവിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. സ്ഫോടനമുണ്ടായ നിർമാണ ശാലയ്ക്ക് സമീപത്തെ കുളത്തിലും പരിശോധന നടത്തിയിരുന്നെങ്കിലും അവിടെ നിന്നും ശരീരഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. സ്ഫോടനസ്ഥലത്ത് നിന്ന് ചില വസ്തുക്കൾ തെളിവായി കണ്ടെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനും പോലീസ് നിർദേശങ്ങൾക്കനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

