തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഒരുവര്‍ഷം മുന്‍പ് പതിനാലുകാരിയെയും വകവരുത്തിയതായി റിപ്പോർട്ട്. ചോദ്യം ചെയ്യലിനിടയിലാണ് ഞെട്ടിക്കുന്ന വിവരം പോലീസിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം മുല്ലൂര്‍ ശാന്താസദനത്തില്‍ ശാന്തകുമാരി (75) യുടെ മൃതദേഹമാണ് പ്രതികൾ താമസിച്ച വീടിന്റെ മച്ചിൽ ഒളിപ്പിച്ചുവച്ചതായി കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവർ മറ്റൊരു കൊലപാതകവും ചെയ്തിട്ടുള്ള വിവരം മനസ്സിലായത്. മകന്‍ കാരണം ഒരു പെണ്ണ് ചത്തു-എന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു എന്ന സാക്ഷി മൊഴിയാണ് നിര്‍ണായകമായ വിവരങ്ങളിലേക്ക് വഴി തെളിച്ചത്.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ വിഴിഞ്ഞത്ത് മരിച്ച 14 കാരിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ വിവരം പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ജനുവരി 13നാണ് വിഴിഞ്ഞത്ത് പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അന്ന് പോലിസ് അന്വേഷിച്ചെങ്കിലും കേസില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല. 30ല്‍ അധികം പേരെയും അന്ന് പോലിസ് ചോദ്യം ചെയ്തിരുന്നു. മരിക്കുന്നതിന് തലേന്ന് രാത്രിയില്‍ കുട്ടി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നു. അന്ന് തന്നെ കുട്ടി സമീപവീടുകളില്‍ ചെന്നിരുന്നതായി പ്രദേശവാസികളും മൊഴിയും ഉണ്ടായിരുന്നു.
മകന്‍ പതിനാലുകാരിയെ പീഡിപ്പിച്ചിരുന്നു. ആ വിവരം പുറത്തു പറയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നുമാണ് ഇന്നലെ അറസ്റ്റിലായ റഫീഖ ബീവി വെളിപ്പെടുത്തിയിരിക്കുന്നത്. റഫീഖ ബീവി സ്ഥിരമായി ചുറ്റിക ഉള്‍പ്പെടെ കൈയ്യില്‍ കരുതാറുണ്ടെന്നും നാട്ടുകാർ പറഞ്ഞതു പോലിസ് പറയുന്നു.

