തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നരവയസ്സുകാരൻ അർഷിത് ക്രൂരമർദനത്തിനിരയായി മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് അഖിലയ്ക്കെതിരെ (21) കൊലപാതക പ്രേരണക്കുറ്റം ഉൾപ്പെടുന്ന വകുപ്പുകൾ ചുമത്തി. കൊലപാതകത്തിൽ അഖിലയ്ക്ക് നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും കുട്ടിയെ ഇവർ നിരന്തരം മർദിച്ചിരുന്നോ എന്നതും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ റിമാൻഡിലുള്ള രണ്ടാനച്ഛൻ അഷ്കർ (31), മാതാവ് അഖില എന്നിവരെ കൂടുതൽ ചോദ്യം ചെയ്യലിനായി വിട്ടു കിട്ടാൻ പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
തന്റെ ജീവിതത്തിൽ അഖിലയുടെ കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് കുട്ടിയെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്ന് പ്രതിയായ അഷ്കർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി കുഞ്ഞിന് നേരെ അതിക്രൂരമായ ശാരീരിക പീഡനങ്ങളാണ് പ്രതികൾ നടത്തിയിരുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ ഉണങ്ങിയതും പുതിയതുമായ 51 മുറിവുകളും, കാൽപാദങ്ങളിൽ പൊള്ളലേറ്റ പാടുകളും, കൈകൾ ഒടിഞ്ഞ നിലയിലുമായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പ്രതിയായ അഷ്കറിന്റെ ആദ്യ ഭാര്യയെ മുൻപ് ക്രൂരമായി മർദിച്ച് കോമയിലാക്കിയ കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിൽ വീണ് കുഞ്ഞിന്റെ കൈ ഒടിഞ്ഞതാണെന്ന് അയൽവാസികളോട് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികൾ, തെളിവ് നശിപ്പിക്കാനായി കുഞ്ഞിന്റെ രക്തം പുരണ്ട വസ്ത്രങ്ങളും രേഖകളും വീടിന് പിന്നിലിട്ട് കത്തിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് മരിച്ച ദിവസം അഖില തമിഴ്നാട്ടിൽ ഒരു നൃത്ത പരിപാടിക്ക് പോയിരിക്കുകയായിരുന്നു എന്നാണ് പ്രതികൾ അവകാശപ്പെടുന്നത്. ഇതേക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പനവൂർ കരിക്കുഴി നെല്ലിക്കുന്നിലെ വാടകവീട്ടിൽ വെച്ചാണ് കുഞ്ഞിന് നേരെ ക്രൂരമായ മർദനമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതീവ ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

