ചെന്നൈ: ഹിന്ദുക്കൾ നടത്തുന്ന സ്ഥാപനങ്ങളിൽ (Hindu Institutions) ജോലിയ്ക്ക് മുസ്ലീങ്ങളെയും, ക്രിസ്ത്യാനികളെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മദ്രാസ് ഹൈക്കോടതിയിലാണ് റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളിലേക്ക് ഹിന്ദുക്കളെ മാത്രം നിയമിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്.
ചെന്നൈ കൊളത്തൂരിലെ അരുൾമിഗ കപാലീശ്വരൻ ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേയ്‌ക്ക് അപേക്ഷ നൽകിയ എ.സുഹൈൽ ആണ് ഹർജി ഫയൽ ചെയ്തത്.
ഹിന്ദു ക്ഷേത്രങ്ങളുടെ നടത്തിപ്പിനും ഭരണനിർവ്വഹണത്തിനുമുള്ള ഉത്തരവാദിത്തം ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് എന്ന വിഭാഗത്തിനാണ്.
അതുപോലെ, അവരുടെ പ്രാഥമിക വരുമാന മാർഗം ക്ഷേത്രത്തിന് (Hindu Temples) നൽകുന്ന സംഭാവനകളും ക്ഷേത്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ആസ്തികളുമാണ്. എന്നാൽ ഹിന്ദു എന്ന വാക്കിന്റെ പേരിൽ, മറ്റ് മതവിശ്വാസികളെ ഈ സ്ഥാപനങ്ങളിൽ ജോലിയ്‌ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കാൻ കഴിയില്ല എന്നാണ് ഹർജിയിൽ പറയുന്നത്. അസിസ്റ്റന്റ് പ്രൊഫസർ, ഫിസിക്കൽ ഡയറക്ടർ, ലൈബ്രേറിയൻ, അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകാൻ ഹിന്ദു അപേക്ഷകരെ മാത്രം വിളിച്ചുകൊണ്ട് ഒക്ടോബർ 13-ന് കൊളത്തൂർ കോളേജ് പുറത്തിറക്കിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം റദ്ദാക്കണമെന്നും സുഹൈൽ കോടതിയിൽ ആവശ്യപ്പെട്ടു
ജോലിക്ക് അപേക്ഷിക്കാൻ ഹിന്ദുക്കളെ മാത്രം അനുവദിക്കുന്ന മാനദണ്ഡം കാരണം, 2021 ഒക്ടോബർ 18-ന് നടന്ന കോളേജിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് ഹർജിയിൽ പറയുന്നു . അധ്യാപക, അനധ്യാപക തസ്തികകൾക്ക് മതപരമായ ചടങ്ങുകളുമായി യാതൊരു ബന്ധവുമില്ലെന്നും ഹർജിയിൽ പറയുന്നു. മുകളിലുള്ള തസ്തികയിലേക്ക് ഹിന്ദുക്കളെ മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ് എന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

