രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ‘രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച എന്റെ പ്രിയ സുഹൃത്ത്, മലയാളത്തിന്റെ സ്വന്തം മോഹൻലാല്‍, ആശംസകൾ’, സുരേഷ് ഗോപി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുശേഷം** രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി സ്വന്തമാക്കുന്ന മലയാളിയാണ് മോഹൻലാൽ. 1969-ൽ ആദ്യമായി ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയത് നടി ദേവിക റാണി ആയിരുന്നു. കഴിഞ്ഞ വർഷത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. സെപ്റ്റംബർ 23-ന് ദില്ലിയിൽ നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ വെച്ച് മോഹൻലാലിന് പുരസ്കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും സ്വർണകമൽ മുദ്രയും ഫലകവുമാണ് ബഹുമതി. കേന്ദ്ര വാർത്താവിതരണമന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

