ബാങ്കോക്ക്: മ്യാന്മറിനെയും തായ്‌ലാന്‍ഡിനെയും ഞെട്ടിച്ച ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു രാജ്യത്ത് മരണസംഖ്യ 1,000 കവിഞ്ഞതായി മ്യാന്മർ സൈനിക ഭരണകൂടം സ്ഥിരീകരിച്ചു. 1,002 പേർ മരിച്ചതായും 2,376 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
തായ്‌ലാൻഡിൽ ഭൂകമ്പത്തില്‍ 10 പേരാണ് മരിച്ചത്. ബാങ്കോക്കിലെ ചതുചാക്ക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്നാണ് മരണം. നൂറോളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരണസംഖ്യ 10,000 കവിയാന്‍ സാധ്യതയുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കി. രണ്ടിടങ്ങളിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ നയ്പിഡോ ഉള്‍പ്പെടെ മ്യാന്‍മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകര്‍ന്നു.

