Sunday, May 19, 2024
spot_img

ചൈനയിൽ പിടി മുറുക്കി നിഗൂഢമായ ന്യുമോണിയ രോ​ഗം! സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രസർക്കാർ ; ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാൻ ഭാരതം സജ്ജമാണെന്ന് കേന്ദ്ര ആരോ​ഗ്യവകുപ്പ്

കോവിഡ് മഹാമാരിക്ക് ശേഷം ആശങ്കയുണർത്തിക്കൊണ്ട് ചൈനയിൽ നിഗൂഢമായ ന്യുമോണിയ രോ​ഗം വ്യാപിക്കുന്ന പശ്ചാത്തലത്തെ സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രസർക്കാർ. ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാൻ ഭാരതം സജ്ജമാണെന്ന് കേന്ദ്രആരോ​ഗ്യവകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്വാസകോശരോ​ഗവും ഇൻഫ്ലുവൻസയും മൂലം രാജ്യത്ത് അപകടസാഹചര്യം ഉണ്ടാകാനിടയില്ലെന്നും പ്രസ്താവനയിൽ പരാമർശിച്ചിട്ടുണ്ട്.

ഒക്ടോബർ മാസം മുതൽ ചൈനയിൽ വർധിച്ചുവരുന്ന H9N2 കേസുകളേക്കുറിച്ചും ആരോ​ഗ്യമന്ത്രാലയം പ്രതിപാദിക്കുന്നുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോ​ഗം പകരാനും രോഗിയുടെ സ്ഥിതി അതീവ ഗുരുതരമാക്കാനുള്ള സാഹചര്യവും കുറവാണെന്ന് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നുണ്ടെങ്കിലും നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

അതെസമയം കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകളെ ഓർമപ്പെടുത്തും വിധം സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്. ബീജിങിലും പ്രാന്ത പ്രദേശങ്ങളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ല. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ്, കുട്ടികളിൽ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 2019 ഡിസംബറിൽ കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആണ്.

Related Articles

Latest Articles