Wednesday, May 15, 2024
spot_img

അഖാഡ പരിഷത് അദ്ധ്യക്ഷന്‍ ‍മഹന്ത് നരേന്ദ്ര ഗിരി‍യുടെ മരണത്തിൽ ദുരൂഹത; ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാര്‍

ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാര്‍ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഠത്തിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മഠത്തിൽ മഹന്ത് നരേന്ദ്ര ഗിരിയുടെ മൃതദേഹം കയറില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്നും ആത്മഹത്യയാണെന്ന് സംശയമുണ്ടെന്നും പ്രയാഗ് രാജ് പോലീസ് സൂപ്രണ്ട് കവീന്ദ്ര പ്രതാപ് സിങ് പറഞ്ഞു. തുടർന്ന് ഫോറന്‍സിക് സംഘം മഠത്തിലെത്തുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. പോലീസ് പരിശോധനയില്‍ ഒരു ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായും പോലീസ് സൂപ്രണ്ട് പറഞ്ഞു. ഇതില്‍ പല പേരുകളും ഉണ്ടെന്നും പറയപ്പെടുന്നുണ്ട് എന്ന് ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, മഹന്ത് നരേന്ദ്ര ഗിരി കൊല്ലപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹത്തിന്‍റെ ശിഷ്യനായ ആനന്ദ് ഗിരി ശക്തമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ വളരെ പെട്ടെന്നാണ് മഹന്ത് നരേന്ദ്ര ഗിരി മരിച്ചതായി അറിയിപ്പ് ലഭിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ശിഷ്യര്‍ പറയുന്നുണ്ട്.

എന്നാൽ മരിച്ച മഹന്ത് നരേന്ദ്ര ഗിരി ഉന്നത സ്വാധീനങ്ങളുള്ള വ്യക്തിയായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

Related Articles

Latest Articles