Friday, May 3, 2024
spot_img

തലസ്ഥാന ജില്ലയിൽ യുവാവിനെ ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പൂവാർ എസ്.ഐയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. പൂവാർ പോലീസ് സ്റ്റേഷൻ എസ്.ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി മധു ആണ് അന്വേഷണ വിധേയമായി എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ പൂവാർ പെട്രോൾ പമ്പിനു സമീപം പൂവാർ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീർ ഖാനാണ്(35) പോലീസിന്റെ നരനായാട്ടിൽ സാരമായി പരിക്കേറ്റത്. ഇയാൾ നൽകിയ പരാതിയിലാണ് എസ്ഐയെ സസ്‌പെൻഡ് ചെയ്തത്. ഡ്രൈവറായ സുധീർ രോഗിയായ ഭാര്യയെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം പൂവാർ പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറച്ച് പമ്പിൽ നിന്ന് പുറത്ത് ഇറങ്ങുകയും തുടർന്ന് പമ്പിന് സമീപം റോഡ് വശത്ത് ബൈക്ക് നിർത്തി റോഡിന് താഴേക്ക് മൂത്രമൊഴിക്കാൻ ഇറങ്ങിയ സുധീറിനെ ഇതുവഴി ജീപ്പിൽ വന്ന പൂവാർ എസ്.ഐ സനലും സംഘവും തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. എന്തിനാണ് ഇവിടെ നിൽക്കുന്നത് എന്നു ചോദിച്ച പോലീസുകാരോട് സുധീർ കാര്യം പറയുകയും തുടർന്ന് ലൈസൻസും ബൈക്കിന്റെ രേഖകളും എടുക്കാൻ എസ്.ഐ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് സുധീർ തിരിയവെ ഒപ്പമുണ്ടായിരുന്ന പോലീസുകാർ ലാത്തി വച്ച് അകാരണമായി അടിക്കുകയായിരുന്നുവെന്നാണ് സുധീർ നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് സുധീറിനോട് സ്റ്റേഷനിൽ എത്താൻ എസ്.ഐ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തിയ സുധീറിന്റെ മൊബൈൽ ഫോൺ എസ്.ഐ എസ്.ഐ സനൽ പിടിച്ചു വാങ്ങി വയ്ക്കുകയും സ്റ്റേഷനിൽ വച്ചും ക്രൂരമായി മർദിക്കുകയായിരുന്നു. “നീ ഈ.എം.എസ് കോളനിയിൽ ഉള്ളത് അല്ലെടാ നീ മുസ്ലിം അല്ലെടാ” എന്നും നീ എന്തിനാടാ ഇവിടെ വന്നതെന്നും ചോദിച്ചു വീണ്ടും തന്നെ എസ്.ഐ മർദ്ദിച്ചതായി സുധീർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ തന്റെ വീട് കല്ലിംഗവിളാകം ചന്തയ്ക്ക് പുറകിൽ ആണെന്നും ഈ.എം.എസ് കോളനിയിൽ അല്ലെന്നും സുധീർ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. താൻ കൈകാലുകൾക്ക് വിറയലുള്ള രോഗി ആണെന്നും അടിക്കരുത്… അടിക്കരുത് എന്ന് അപേക്ഷിച്ചു പറഞ്ഞിട്ടും എസ്.ഐ മർദനം തുടർന്നതായും സുധീർ പറഞ്ഞു. വീട്ടുകാരെ വിളിക്കണമെന്നും പരിക്ക് പറ്റിയ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുധീർ ആവശ്യപ്പെട്ടെങ്കിലും 5 മണി ആയി സി.ഐ വരാതെ വിടില്ല എന്നും എന്ത് തെറ്റ് ആണ് താൻ ചെയ്തത് എന്ന് ചോദിച്ചപ്പോൾ കേസെടുത്ത് റിമാൻഡ് ചെയ്യുമെന്ന് പറഞ്ഞതായും സുധീർ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം സുധീറിനെ റോഡിലിട്ട് മർദിക്കുന്നത് കണ്ടവരാണ് വിവരം വീട്ടുകാരെ അറിയിക്കുന്നത്. വിവരം അറിയാൻ വീട്ടുകാർ സുധീറിന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും പോലീസുകാർ കാൾ കട്ട് ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് സുധീറിന്റെ സഹോദരി ഭർത്താവ് പൂവാർ സ്റ്റേഷനിൽ എത്തി സംഭവം തിരക്കിയെങ്കിലും പോലീസുകാരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ആണ് നേരിട്ടതെന്നും സുധീറിനെ കാണണം എന്ന് ആവശ്യപ്പെട്ടപ്പോൾ അത് നിഷേധിച്ചതായും ബന്ധുക്കൾ പറഞ്ഞു. ആളുകൾ കൂടുന്നത് കണ്ടതിനെ തുടർന്നാണ് രാത്രി 7 മണിയോടെ സുധീറിനെ പോലീസ് വിട്ടയച്ചത്. തുടർന്ന് സുധീറിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Latest Articles