Monday, May 20, 2024
spot_img

അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തി?? ഷാരോണിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; പരാതിയുമായി കുടുംബം രംഗത്ത്

പാറശാല: പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ഷാരോൺ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംശയവുമുണ്ട്.

ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്‍സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛർദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് ഷാരോണിന്റെ കുടുംബത്തിന്റെ പരാതി.

ഷാരോണും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നെന്നും ഇരുവരും വെട്ടുകാട് പള്ളിയില്‍ വെച്ച് താലികെട്ടിയിരുന്നതായും കുടുംബം പറയുന്നു. എന്നാല്‍ യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാലിത് നവംബറിലേ നടക്കൂവെന്നായിരുന്നു പെൺകുട്ടി പറഞ്ഞതെന്നുമാണ് ഷാരോണിന്റെ കുടുംബം പറയുന്നത്.

എന്നാല്‍ തന്റെ സമ്മതപ്രകാരമല്ല വിവാഹം നിശ്ചയിച്ചതെന്നും മറ്റും പറഞ്ഞാണ് പെണ്‍കുട്ടി ഷാരോണിനെ വിളിച്ചു വരുത്തിയത്. ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ ഷാരോൺ ഛർദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. നീല നിറത്തിൽ ഛർദ്ദിക്കുന്നത് കണ്ടപ്പോൾ സുഹൃത്ത് വീണ്ടും കാര്യം തിരക്കി.എന്നാൽ പിന്നെ പറയാം എനിക്ക് വയ്യ എന്നായിരുന്നു ഷാരോൺ പറഞ്ഞതായാണ് കൂട്ടുകാരൻ പ്രതികരിക്കുന്നത്.

അവശനായ ഷാരോൺ രാജിനെ വാഹനത്തിൽ കയറ്റി റെജിൻ മുര്യങ്കരയിലെ വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ അമ്മ വീട്ടിൽ എത്തിയപ്പോൾ ഷാരോൺ രാജ്, ഛർദിച്ച് അവശനിലയിൽ ആയിരുന്നു. തുടർന്ന് ഷാരോണിനെ ഉടനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് അയച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ കാര്യമായ പ്രശ്‌നങ്ങൾ കണ്ടെത്താത്തതിനാൽ രാത്രിയോടെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

തൊട്ടടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാൻ കഴിയാത്ത സ്ഥിതിയിലായി. ഇഎൻടിയെ കാണിച്ചെങ്കിലും കുറിച്ച് നൽകിയ മരുന്ന് പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഷാരോണിന്റെ നില ഗുരുതരമായി. 17 -ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി കണ്ടെത്തി. പിന്നീട് പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി തുടങ്ങി. ഒൻപത് ദിവസത്തിനുള്ളിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയമാക്കി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.

മജിസ്‌ട്രേട്ട് ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്തരീകാവയവങ്ങൾ ദ്രവിച്ച് പോയതായും വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.

Related Articles

Latest Articles