തിരുവനന്തപുരത്ത്: സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് പോര് കനക്കുന്നു. ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട എൻ പ്രശാന്ത് ഐ എ എസ്. ക്രിമിനൽ ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പുറമെ, എ ജയ തിലക്, കെ ഗോപാലകൃഷ്ണൻ തുടങ്ങിയ ഐ എ എസ് ഉദ്യോഗസ്ഥർക്കും മാതൃഭൂമിക്കും ആണ് എൻ പ്രശാന്ത് വക്കീൽ നോട്ടീസ് അയച്ചിയരിക്കുന്നത്. ചീഫ് സെക്രട്ടറിയെ പോലെ ഉന്നത റാങ്കിലുള്ള ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് മറ്റൊരു ഐ എ എസ് ഉദ്യോഗസ്ഥൻ വക്കീൽ നോട്ടീസ് അയക്കുന്നത് അസാധാരണ നീക്കമാണ്.
തന്നെ സമൂഹമദ്ധ്യത്തിൽ അപമാനിക്കാൻ ബോധപൂർവ്വമായ ശ്രമമുണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് എൻ പ്രശാന്ത് ആരോപിക്കുന്നത്. ഉന്നതിയിൽ ഫയലുകൾ കാണാനില്ല എന്ന രീതിയിൽ വസ്തുതാപരമല്ലാത്ത റിപ്പോർട്ട് ഉണ്ടാക്കി മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അങ്ങനെ ഒരു റിപ്പോർട്ട് തയ്യാറാക്കിയത് ആരും ആവശ്യപ്പെടാതെയാണെന്ന് അദ്ദേഹം പറയുന്നു. നേരത്തെ സമൂഹ മാദ്ധ്യമങ്ങളിലെ പ്രതികരണത്തിന്റെ പേരിൽ എൻ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്യുകയും ചാർജ് മെമ്മോ ചെയ്യുകയും ചെയ്‌തിരുന്നു.

