Thursday, December 18, 2025

പേര് അന്വർത്ഥമാക്കി ‘യുവം 2023’!താരസമ്പന്നമായി വേദി

കൊച്ചി : രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘യുവം 2023’ വേദിയിൽ പരിപാടിയുടെ പേര് അന്വർത്ഥമാക്കി മലയാള സിനിമയിലെ താരങ്ങളും ഗായകരും അണിചേർന്നു. ബിജെപി നേതാവു കൂടിയായ നടൻ സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, നടനും ഗായകനുമായ വിജയ് യേശുദാസ്, നടിമാരായ അപർണ ബാലമുരളി, നവ്യ നായർ, ഗായകൻ ഹരിശങ്കർ തുടങ്ങിയവരും പ്രധാന മന്ത്രിയുമായി വേദി പങ്കിട്ടു.ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും വേദിയിൽ സന്നിഹിതനായിരുന്നു.

പ്രധാനമന്ത്രി വേദിയിലെത്തുന്നതിന് മുമ്പ് നവ്യ നായരുടെ നൃത്തവും സ്റ്റീഫൻ ദേവസിയുടെ സംഗീതപരിപാടിയും വേദിയിൽ നടന്നിരുന്നു. തേവര ജം‌ക്‌ഷനിൽ നിന്നു മെഗാ റോഡ് ഷോ ആയാണ് പ്രധാനമന്ത്രി ‘യുവം’ വേദിയിൽ എത്തിയത്. പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടും ആവേശഭരിതരാക്കിക്കൊണ്ടും തേവര ജംക്‌ഷൻ മുതൽ ഒരു കിലോമീറ്ററോളം ദൂരം പ്രധാനമന്ത്രി കാൽനടയായി സഞ്ചരിച്ചു.

യുവം പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേന്ദ്രമന്ത്രി വി.മുരളീധരനാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. രാജ്യത്തു വിവിധ മേഖലകളിലായി ‘യുവം’ കോൺക്ലേവുകൾ നടത്താനാണു ബിജെപിയുടെ പരിപാടി. ഇതിൽ ആദ്യത്തേതാണു കൊച്ചിയിൽ ഇന്നു നടന്നത്.

യുവമോർച്ച അഖിലേന്ത്യാ പ്രസിഡന്റ് തേജസ്വി സൂര്യ എംപി, ‘യുവം’ ജനറൽ കൺവീനർ സി.കൃഷ്ണകുമാർ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ, കൺവീനർമാരായ കെ.ഗണേഷ്, എസ്.ജയശങ്കർ എന്നിവരും വേദി പങ്കിട്ടു.

Related Articles

Latest Articles