ദില്ലി : സ്വതന്ത്ര ഇന്ത്യയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിൽ ഇരിക്കുന്ന പ്രധാനമന്ത്രിയെന്ന ബഹുമതി സ്വന്തമാക്കി നരേന്ദ്രമോദി . ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. ഈ ചരിത്ര നേട്ടത്തിൽ ലോക നേതാക്കൾ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. നരേന്ദ്രമോദിയുടെ ആഭ്യന്തര ഭരണനേട്ടങ്ങളെയും ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിച്ചതിനെയും ലോകനേതാക്കൾ പ്രകീർത്തിച്ചു.
2014 മേയിൽ ആദ്യമായി അധികാരമേറ്റ നരേന്ദ്ര മോദി, 2024-ൽ തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ രാജ്യം വലിയ സാമ്പത്തിക, സാമൂഹിക മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നതും, ആഗോള നയതന്ത്ര രംഗത്ത് മികച്ച സ്ഥാനം നേടിയതും ഗ്ലോബൽ സൗത്തിന്റെ (വികസ്വര രാജ്യങ്ങളുടെ) ശക്തമായ ശബ്ദമായി മാറിയതും ഈ കാലയളവിലാണ്.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പ്രധാനമന്ത്രിയെ ആദ്യം അഭിനന്ദിച്ചവരിൽ ഒരാൾ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് ജൂൺ എട്ടിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നൽകിയ പിന്തുണ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കിയതായും അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യയുടെ വികസന മാതൃകകളെ പ്രകീർത്തിച്ച് പാപുവ ന്യൂഗിനി പ്രധാനമന്ത്രി ജെയിംസ് മരാപെയും വീഡിയോ സന്ദേശം അയച്ചു. 20 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ നരേന്ദ്ര മോദിയുടെ നേതൃത്വം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ആഗോളതലത്തിൽ ശ്രദ്ധേയമായ സ്വാധീനമായി മാറിയെന്ന് ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമ്ല പ്രസാദ് ബിസേസറും കൂട്ടിച്ചേർത്തു. സാധാരണ പശ്ചാത്തലത്തിൽ നിന്ന് വന്ന് 140 കോടി ജനങ്ങളെ നയിക്കുന്ന അദ്ദേഹത്തിന്റെ ജീവിതയാത്ര ഏറെ പ്രചോദനകരമാണെന്നും അവർ വ്യക്തമാക്കി.
ഒരു പ്രാദേശിക ശക്തി എന്ന നിലയിൽ നിന്ന് ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ കാര്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയായി ഇന്ത്യ മാറിയെന്നതിന്റെ തെളിവാണ് ലോക നേതാക്കളുടെ ഈ അഭിനന്ദന പ്രവാഹം. മൂന്നാം ഊഴത്തിന്റെ ബാക്കി പത്രങ്ങളിൽ രാജ്യം കൈവരിക്കാൻ പോകുന്ന നേട്ടങ്ങളിലേക്കാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.
അതേസമയം ഈ സുപ്രധാന ദിനത്തിൽ തന്റെ സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ വികസന നേട്ടങ്ങൾ നരേന്ദ്രമോദി രാജ്യത്തിന് മുന്നിൽ പങ്കുവെച്ചു. ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, നികുതി ഇളവുകൾ, സ്ത്രീ ശാക്തീകരണം, ദേശീയ സുരക്ഷാ സംരംഭങ്ങൾ തുടങ്ങിയവയിൽ കൈവരിച്ച വൻ മുന്നേറ്റങ്ങളാണ് പ്രധാനമന്ത്രി എക്സിലൂടെ (ട്വിറ്റർ) ഉയർത്തിക്കാണിച്ചിരിക്കുന്നത്. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി ‘സേവനം, സദ്ഭരണം, സമൃദ്ധി’ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തന്റെ സർക്കാർ തുടർന്നും മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക ക്ഷേമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ക്ഷേമ പദ്ധതികൾ വഴി നിലവിൽ 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) വഴി 4 കോടിയിലധികം വീടുകളുടെ നിർമ്മാണവും ഉജ്ജ്വല പദ്ധതിയിലൂടെ 10.5 കോടിയിലധികം എൽ.പി.ജി കണക്ഷനുകളുടെ വിതരണവും പൂർത്തിയായി. രാജ്യത്തുടനീളം 12 കോടിയിലധികം ശൗചാലയങ്ങൾ നിർമ്മിക്കാനായതും കർഷകർക്കായി പിഎം-കിസാൻ പദ്ധതി പ്രകാരം 4.3 ലക്ഷം കോടിയിലധികം രൂപ നേരിട്ട് കൈമാറിയതും കാർഷിക മേഖലയിലെ വലിയ നേട്ടങ്ങളായി അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ 2 ലക്ഷം കോടിയിലധികം രൂപയുടെ വിള ഇൻഷുറൻസ് ക്ലെയിമുകൾ 4 കോടിയിലധികം കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 32 കോടിയിലധികം ജൻധൻ ബാങ്ക് അക്കൗണ്ടുകൾ സ്ത്രീകൾക്കായി തുറന്നു. സായുധ സേനയിൽ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ നൽകിയതും ‘ലക്ഷ്പതി ദീദി’ പരിപാടിയിലൂടെ 3 കോടി സ്ത്രീകൾ പ്രതിവർഷം കുറഞ്ഞത് ഒരു ലക്ഷം രൂപ വരുമാനം നേടുന്ന നിലയിലേക്ക് ഉയർന്നതും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം വർദ്ധിപ്പിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ആയുഷ്മാൻ ഭാരത് പദ്ധതി 60 കോടിയിലധികം ആളുകൾക്ക് പ്രയോജനം നൽകിയപ്പോൾ, 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഇപ്പോൾ ലഭ്യമാണ്. ഒപ്പം 19,000-ൽ അധികം ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 90 ശതമാനം വരെ കിഴിവോടെ ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിൽ അടൽ സേതു, സുദർശൻ സേതു, ചെനാബ് റെയിൽവേ പാലം, ബോഗിബീൽ പാലം, പാമ്പൻ കടൽ പാലം തുടങ്ങിയ വമ്പൻ പദ്ധതികൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ മെട്രോ റെയിൽ ശൃംഖല 26 നഗരങ്ങളിലായി 1,100 കിലോമീറ്ററിലധികമായി വികസിപ്പിച്ചതിനൊപ്പം 164 വന്ദേ ഭാരത് ട്രെയിനുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74-ൽ നിന്ന് 164 ആയി ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ നടപ്പാക്കിയ ആദായനികുതി പരിഷ്‌കാരങ്ങൾ വഴി പുതിയ നികുതി വ്യവസ്ഥയിൽ പ്രതിവർഷം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയത് മധ്യവർഗത്തിന് വലിയ ആശ്വാസമായി.
ദേശീയ സുരക്ഷയിലും സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്നതിലും സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,400 കോടി രൂപയായി ഉയർന്നപ്പോൾ ഭീകരവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരായ പോരാട്ടം ശക്തമാക്കി. രാജ്പഥിന് കർത്തവ്യ പഥ് എന്ന് പേര് മാറ്റിയതും ഛത്രപതി ശിവാജി മഹാരാജിന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പുതിയ നാവിക പതാക സ്വീകരിച്ചതും കൊളോണിയൽ കാലഘട്ടത്തിലെ ചിഹ്നങ്ങൾ ഒഴിവാക്കാനുള്ള സർക്കാരിന്റെ ആർജ്ജവത്തിന് തെളിവാണ്. രാമക്ഷേത്ര നിർമ്മാണം, കാശി വിശ്വനാഥ് ധാം, മഹാകാൽ ലോക്, കേദാർനാഥ് ധാം തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ പുനർനിർമ്മാണം എന്നിവയിലൂടെ ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കാനുള്ള വലിയ ശ്രമങ്ങളാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.*

