Tuesday, October 13, 2026

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍, യാത്രക്കാരന്റെ പവര്‍ ബാങ്ക് തകരാറിലായതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഒരു യാത്രികന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് പുറത്തുവന്നിട്ടുണ്ട്. മറ്റ് യാത്രക്കാര്‍ തങ്ങളുടെ ബാഗുകള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന 6E6115 നമ്പര്‍ വിമാനം (എയര്‍ബസ് A321-251N) ഉച്ചയ്ക്ക് 1:10-ന് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നെങ്കിലും 1:30-നാണ് പുറപ്പെട്ടത്. വഴിതിരിച്ചുവിടും മുമ്പ് ഉച്ചയ്ക്ക് 4:00 മണിക്ക് ചെന്നൈയില്‍ എത്തേണ്ടതായിരുന്നു. ക്യാബിന്‍ ജീവനക്കാര്‍ അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണച്ചു. യാത്രക്കാരും ജീവനക്കാരും എല്ലാവരും സുരക്ഷിതരാണ്.

‘ഒക്ടോബര്‍ 11, 2026-ല്‍ ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോയുടെ 6E 6115 വിമാനത്തിലെ ഒരു യാത്രക്കാരന്റെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണത്തില്‍ നിന്ന് പുക കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ക്യാബിന്‍ ജീവനക്കാര്‍ ഉടന്‍ തന്നെ ഉചിതമായ രീതിയില്‍ ഇടപെടുകയും സാഹചര്യം നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സ്ഥാപിതമായ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് പൈലറ്റുമാര്‍ വിമാനം വഴിതിരിച്ചുവിടുകയും ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്തു,’ – എന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.

‘ഈ അപ്രതീക്ഷിത സാഹചര്യം മൂലം ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ലഘുഭക്ഷണങ്ങള്‍ നല്‍കുന്നതും കൃത്യസമയത്ത് വിവരങ്ങള്‍ പങ്കുവെക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വഴി ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തിവരുന്നു. ഇന്‍ഡിഗോയെ സംബന്ധിച്ച് ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണന,’ – പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles