Saturday, May 18, 2024
spot_img

പ്രധാനമന്ത്രിയുടെ തുലാഭാരത്തിനായി എത്തിക്കുന്നത് 112 കിലോഗ്രാം താമരപ്പൂക്കൾ; ഉണ്ണിക്കണ്ണന്റെ തിരുനടയിൽ നാളെ നരേന്ദ്രമോദിയുടെ തുലാഭാരം

ഗുരുവായൂർ: ശനിയാഴ്ച ഗുരുവായൂർ ഉണ്ണിക്കണ്ണനെ ദർശിക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തുലാഭാരം നടത്തുന്നത് ഇക്കുറിയും താമരപ്പൂക്കൾകൊണ്ടുതന്നെ. 112 കിലോഗ്രാം താമരപ്പൂക്കൾ ഇതിനായി നാഗർകോവിലിൽ നിന്ന് എത്തിക്കുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. ഇതിൽനിന്ന് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദി 2008 ജനുവരി 14-ന് ദർശനത്തിനു വന്നപ്പോഴും താമരപ്പൂകൊണ്ട് തന്നെയാണ് തുലാഭാരം നടത്തിയിരുന്നത്. അന്ന് കദളിപ്പഴംകൊണ്ടും തുലാഭാരമുണ്ടായിരുന്നു.

ഇന്ന് രാത്രി കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിൽ തൃശ്ശൂരിലേക്ക് പുറപ്പെടും. 9.45ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ ഇറങ്ങും. തുടര്ന്ന് റോഡ് മാർഗം ശ്രീവൽസം ഗസ്റ്റ് ഹൗസിലേക്ക് പോകും. 10 മണിക്ക് ഗുരുവായൂർ ക്ഷേത്രദർശനത്തിനിറങ്ങും. തുലാഭാരം, കളഭച്ചാർത്ത് ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്താനാണ് ദേവസ്വം അധികൃതർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഒരു ഉരുളി നെയ്യ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കും. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ദർശനം പ്രമാണിച്ച് ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ ശിശിർ പറഞ്ഞു.

Related Articles

Latest Articles