Tuesday, May 14, 2024
spot_img

വൈറസിനെ നേരിടാനുള്ള മോദിയുടെ ആഹ്വാനം സാര്‍ക്ക് രാജ്യങ്ങള്‍ ഏറ്റെടുത്തു

ദില്ലി : കോവിഡ് 19 വൈറസിനെ നേരിടുന്നതിന് ഒറ്റക്കെട്ടായി നീങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സാര്‍ക്ക് രാജ്യങ്ങള്‍. സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കള്‍ സംയുക്തതന്ത്രത്തിനു നേതൃത്വം നല്‍കിക്കൊണ്ട് ലോകത്തിനു മാതൃകയാകണമെന്നായിരുന്നു മോദി ട്വീറ്റിലൂടെ ആഹ്വാനം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും സംവദിച്ച് പൗരരുടെ ആരോഗ്യം ഉറപ്പുവരുത്തണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.പാകിസ്താന്‍, ഭൂട്ടാന്‍, ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ മോദിയുടെ ഈ നിര്‍ദ്ദേശത്തിന് പിന്തുണ അറിയിച്ചു.

കൊറോണയെ ചെറുക്കുന്നതിനുള്ള എല്ലാ സംരഭങ്ങള്‍ക്കും ഞങ്ങള്‍ തയ്യാറാണെന്ന് മോദിയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കള്‍ പ്രതികരിച്ചു.

നേരത്തെ, ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആലോചിച്ച് പ്രതിരോധ നടപടികള്‍ തീരുമാനിക്കാമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തിനിടെയാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. മോദിയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ വ്യത്തങ്ങളും അറിയിച്ചിട്ടുണ്ട്.
കൂടാതെ, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രജപക്‌സെ, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി, മാലെദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതെ ഷെറിങ്, ബംഗ്‌ളാദേശ് വിദേശകാര്യ സഹമന്ത്രി ഷഹ്‌രിയാര്‍ ആലം, അഫ്ഗാനിസ്താന്‍ ഔദ്യോഗിക വക്താവ് സെദിഖ് സെദിഖി എന്നിവര്‍ ട്വിറ്ററിലൂടെ തങ്ങളുടെ പിന്തുണയറിയിച്ചു.

Related Articles

Latest Articles