ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങുന്നു. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി ഓഗസ്റ്റ് 23 വെള്ളിയാഴ്ച പ്രധാനമന്ത്രി യു എ ഇ യിലെത്തും. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി യു എ ഇയിലെത്തുന്നത്. യു എ ഇയിലെത്തുന്ന പ്രധാനമന്ത്രിക്കു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഷെയ്ഖ് സായിദ് മെഡൽ സമ്മാനിക്കും. സന്ദർശനത്തിനിടെ യു എ ഇ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

യു എ ഇ യിലെ പരിപാടികള്‍ക്ക് ശേഷം 24, 25 തിയ്യതികളില്‍ മോദി ബഹ്റൈൻ സന്ദര്‍ശിക്കും. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദർശിക്കുന്നത്. ബഹ്റൈനിലെത്തുന്ന നരേന്ദ്രമോദി ഇന്ത്യൻ പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്യും. മനാമയിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ മോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ബഹ്റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നിലും അദ്ദേഹം സംബന്ധിക്കും.

കശ്മീരിനു പ്രത്യേകപദവി റദ്ദാക്കിയതിനു പിന്നാലെ യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ പാകിസ്ഥാനെ കൈവിട്ട് ഇന്ത്യക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലുള്ള നരേന്ദ്രമോദിയുടെ ഗൾഫ് സന്ദർശനത്തിന് നയതന്ത്ര വിദഗ്ധർ ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്.

