ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ഇത് വരെ 34 പേര്‍ മരിച്ചതായി സ്ഥിരീകരണം. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒഡീഷയിലെത്തും. ബിജു പട്‌നായിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന പ്രധാനമന്ത്രി പ്രളയബാധിത സ്ഥലങ്ങളുടെ ആകാശ നിരീക്ഷണം നടത്തും. പുരി, ഖുര്‍ഡ, കട്ടക്, ജഗത്‌സിംഖ്പൂര്‍, ജജ്പൂര്‍, കേന്ദ്രപ്പാറ, ഭദ്രക്, ബാലസോര്‍ എന്നീ സ്ഥലങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുക. ഇതിന് ശേഷം ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായും സംസ്ഥാന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നേരത്തെ ഒഡീഷ ഗവര്‍ണര്‍ ഗണേശി ലാലുമായും മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്.
അതേസമയം പ്രളയബാധിതര്‍ക്ക് അരിയും പണവും മറ്റ് ആവശ്യ സാധനങ്ങളും ഉള്‍പ്പെടുന്ന ദുരിതാശ്വാസ പാക്കേജ് നല്‍കുമെന്ന് നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും അടിയന്തിര സഹായമായി 50 കിലോ അരിയും 5000 രൂപയും നല്‍കും. ദുരിതമുണ്ടായ മറ്റിടങ്ങളില്‍ ഒരു മാസത്തെ റേഷനരി വിഹിതവും 1000 രൂപയും പൊളിത്തീന്‍ ഷീറ്റും ലഭിക്കും. അത്ര രൂക്ഷമായി ബാധിക്കാത്ത ഇടങ്ങളിലുള്ളവര്‍ക്ക് ഒരു മാസത്തെ അരി വിഹിതവും 500 രൂപയുമാണ് ലഭിക്കുക. പൂര്‍ണമായി നാശനഷ്ടം സംഭവിച്ച വീടിന് 95100 രൂപയും ഭാഗികമായി നാശനഷ്ടം സംഭവിച്ച വീടിന് 52000 രൂപയും ചെറിയ നഷ്ടം സംഭവിച്ചവയ്ക്ക് 3200 രൂപയും അടിയന്തിരമായി അനുവദിക്കും.
ഒരു കോടിയിലധികം ജനങ്ങളെ ഫോനി നേരിട്ട് ബാധിച്ചതായാണ് വിലയിരുത്തല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അതിവേഗമാണ് പുരോഗമിക്കുന്നത്. ദുരിത ബാധിതര്‍ക്ക് 15 ദിവസത്തേക്ക് പാചകം ചെയ്ത ഭക്ഷണം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പുരിയില്‍ 70 ശതമാനത്തോളം സ്ഥലങ്ങളിലും ശുദ്ധജലവിതരണം പുനസ്ഥാപിച്ചിട്ടുണ്ട്.

