മഞ്ചേരി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ ചെയർമാനും തീവ്രവാദക്കേസുകളിൽ പ്രതിയുമായ ഒ എം എ സലാം വൈദ്യുതി ബോർഡ് ജീവനക്കാരൻ. സർക്കാർ ജോലിയുണ്ടായിരുന്നിട്ടും നീണ്ട അവധികളെടുത്ത് വിദേശപര്യടനം നടത്തുന്നയാളാണ് സലാമെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. അപ്പോഴാണ് 2020 ൽ ചില വിദേശ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും പണം സ്വീകരിച്ച് ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്ന കേസിൽ സലാം കേന്ദ്ര ഏജൻസികളുടെ പിടിയിലാകുന്നത്. തുടർന്ന് 2020 ഡിസംബർ 14 ന് ഇയാളെ ബോർഡ് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ നാളിതുവരെയുള്ള ശമ്പളം മുടക്കം കൂടാതെ സസ്‌പെൻഷൻ കാലയളവിലും സലാമിന് ലഭിച്ചുവെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. ആദ്യ ആറുമാസം ഉപജീവന ബത്ത മാത്രം നൽകുകയും അതിനു ശേഷം പ്രതിമാസ ശമ്പളമായി 67600 രൂപ മുടക്കം കൂടാതെ നൽകുകയായിരുന്നു. സലാം ആദായനികുതി വകുപ്പിന് നൽകിയ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം മുഴുവൻ ഇയാൾ സസ്പെൻഷനിലായിരുന്നു എന്നിട്ടും കെ എസ് ഇ ബി യിൽ നിന്നുള്ള ഇയാളുടെ വാർഷിക വരുമാനം 7.84 ലക്ഷം രൂപയാണ്.
കെ എസ് ആർ ടി സി അടക്കം പല സർക്കാർ കോർപ്പറേഷനുകളിലും ശമ്പള പ്രതിസന്ധി നിലനിൽക്കുമ്പോൾ കോടികളുടെ നഷ്ടമുള്ള വൈദ്യുതി ബോർഡിൽ ജോലി ചെയ്യാതെ ശമ്പളം നൽകുന്ന വാർത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. മാത്രമല്ല ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായ പ്രതിയുടെ സസ്‌പെൻഷൻ സർക്കാർ ലാഘവ ബുദ്ധിയോടെ കണ്ടുവെന്ന വിമർശനവും ഉയരുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പുതിയ സാഹചര്യത്തിൽ തീവ്രവാദക്കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒ എം എ സലാമിനെ മഞ്ചേരിയിൽ നിന്ന് പിടികൂടി എൻ ഐ എ ദില്ലിയിലേക്ക് കൊണ്ടുപോയിരുന്നു.

