Saturday, December 13, 2025

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങൾ പരിഗണനയിൽ; ജോജു മികച്ച നടനുള്ള സാധ്യത പട്ടികയില്‍

69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ദില്ലിയിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ആര്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച റോക്കട്രി മികച്ച നടന്‍ അടക്കം വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. മികച്ച നടിക്ക് വേണ്ടിയുള്ള അവാർഡിന് ആലിയ ഭട്ടും, കങ്കണ റണൌട്ടും തമ്മിലാണ് മത്സരം എന്നാണ് സൂചന. ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയയ്ക്ക് സാധ്യത. തലൈവി എന്ന ചിത്രത്തിലെ പ്രകടനമാണ് കങ്കണ റണൌട്ടിന് സാധ്യത നല്‍കുന്നത്.

എസ്എസ് രാജമൌലി സംവിധാനം ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍ആര്‍ആര്‍ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡിന് സാധ്യതയുണ്ട്. അതേ സമയം മലയാളത്തില്‍ നിന്നും ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ക്ക് സാധ്യതയുണ്ട്.

മികച്ച മലയാള ചിത്രം എന്ന അവാര്‍ഡിന്‍റെ അവസാന പട്ടികയില്‍ ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് എന്നാണ് വിവരം.

Related Articles

Latest Articles