Saturday, June 1, 2024
spot_img

ഇന്ന് ദേശീയ ഹൃദയം മാറ്റിവയ്ക്കല്‍ ദിനം

ഹൃദയത്തിന് രോഗം വന്നാലോ? അത് രോഗികളെയും അവരുടെ ബന്ധുക്കളെയും വേദനിപ്പിക്കുക സ്വാഭാവികം. രക്തധമനികളിലെ തടസങ്ങളോ മറ്റോ ആണെങ്കില്‍ മരുന്ന് കഴിക്കാം. ഏറിയാല്‍ ഒരു ബൈപ്പാസ് ശസ്ത്രക്രിയ. ഹൃദ്രോഗത്തിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ ഇത്രയോക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ.

എന്നാല്‍, ഹൃദയമില്ലാത്ത ഒരു ജീവിതം സാധ്യമല്ലാ‍ത്തതു കൊണ്ട് ഏതു വിധേനയും ജീവന്‍ നിലനിര്‍ത്താനായി ഭിഷഗ്വരന്മാര്‍ പരീക്ഷിച്ചതാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. 1967 ഡിസംബര്‍ 3 ന് ദക്ഷിണാഫ്രിക്കയിലാണ് വിജയകരമായ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഗ്രൂട്ട് ഷൂര്‍ ആശുപതിയിലെ ഡോ. ക്രിസ്ത്യന്‍ ബര്‍ണാഡാണ് ആദ്യമായി ഒരു മനുഷ്യഹൃദയം മാറ്റിവച്ച് ചരിത്രം സൃഷ്ടിച്ചത്.

മറ്റൊരു ചികിത്സ കൊണ്ടും ഹൃദയത്തെ രക്ഷിക്കാന്‍ സാധ്യമാകാതെ വരുമ്പോഴാണ് ഹൃദയം മാറ്റി വയ്ക്കലിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. തൊട്ട് മുന്‍പ് ജീവന്‍ നഷ്ടപ്പെട്ട ഒരാളുടെ ഹൃദയം രോഗിയായ മറ്റൊരാളില്‍ തുന്നിച്ചേര്‍ക്കുന്നത് അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ്. ഇതിനായി രോഗിയുടെ ഹൃദയം നീക്കം ചെയ്യുകയോ, അപൂര്‍വ്വമായി പുതുതായി തുന്നിച്ചേര്‍ത്ത ഹൃദയത്തെ സഹായിക്കാനായി പഴയ ഹൃദയം നിലനിര്‍ത്തുകയോ ചെയ്യും.

ഇനി വേറെ രീതികളുമുണ്ട്. മറ്റേതെങ്കിലും ജീവിയുടെ ഹൃദയം രോഗിയായ മനുഷ്യനില്‍ തുന്നിപ്പിടിപ്പിക്കുക എന്നതാണ് അതിലൊന്ന്. മനുഷ്യ നിര്‍മ്മിതമായ ഹൃദയം രോഗിയില്‍ പിടിപ്പിക്കുക എന്ന മറ്റൊരു രീതിയും പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, ഇവ ഫലപ്രാപ്തിയില്‍ എത്തിയില്ലെന്ന് മാത്രം.

ആദ്യമായി മനുഷ്യനില്‍ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് മിസിസിപ്പി മെഡിക്കല്‍ സെന്‍റര്‍ സര്‍വകലാശാലയിലാണ്. ഡോ. ജെയിംസ് ഹാര്‍ഡിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ ഒരു ചിമ്പന്‍സിയുടെ ഹൃദയം മരണാസന്നനായ ഒരു രോഗിയില്‍ വച്ചു പിടിപ്പിക്കുകയായിരുന്നു. എന്നാല്‍, വച്ചുപിടിപ്പിക്കപ്പെട്ട ഹൃദയം 90 മിനിട്ടിന് ശേഷം നിലച്ചു പോകുകയായിരുന്നു. ഈ ശസ്ത്രക്രിയയ്ക്ക് ഒരു വര്‍ഷം മുന്‍പാണ് ഡോ. ഹാര്‍ഡി ഒരു മനുഷ്യന്‍റെ ശ്വാസകോശം മാറ്റി വച്ചത്.

ഏതായാലും ഡോ. കൃസ്ത്യന്‍ ബര്‍നാര്‍ഡ് ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ രോഗി, ലൂയി വാഷ്കന്‍സ്കി 18 ദിവസം ജീ‍വിച്ചിരുന്നു.ന്യുമോണിയ ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. ഒരു കാറപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഡെനിസ് ഡാര്‍വാളിന്‍റെ ഹൃദയമാണ് ലൂയിക്ക് വച്ചു പിടിപ്പിച്ചത്.

അമേരിക്കയില്‍ ആദ്യമായി വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഡെണ്ടണ്‍ കൂളി ആണ്. ഹൂസ്റ്റണ്‍ ടെക്സാസിലെ സെന്‍റ് ലൂക്സ് ആശുപത്രിയില്‍ 1968 ലായിരുന്നു ഇത്. ഒരു കൌമാരക്കാരനില്‍ നിന്ന് കടുത്ത ഹൃദ്രോഗം ബാധിച്ച തോമസ് എന്ന ആള്‍ക്ക് ഹൃദയം മാറ്റി വയ്ക്കുകയായിരുന്നു.
നമ്മുടെ ഈ കൊച്ചുകേരളത്തിലും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടുണ്ട്. 2003 മെയ് 13നായിരുന്നു സംസ്ഥാനത്ത് ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. മുപ്പത്തിനാല്കാരനായ കെ എ എബ്രഹാമിനാണ് ശസ്ത്രക്രിയ നടത്തിയത്.റോഡപകടത്തില്‍ കൊല്ലപ്പെട്ട വടക്കന്‍ പറവൂര്‍ സ്വദേശിയായ സുകുമാരന്‍റെ ഹൃദയമാണ് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ എബ്രഹാമിന് വച്ച് പിടിപ്പിച്ചത്.ശസ്ത്രക്രിയക്ക് ശേഷം കുറെക്കാലം ജീവിച്ചിരുന്നെങ്കിലും പിന്നീട് എബ്രഹാം മരണത്തിന് കീഴടങ്ങി.കാർഡിയോമയോപ്പതി അസുഖം ബാധിച്ച കെ.എ എബ്രഹാമിലാണ് വാഹനാപകടത്തെത്തുടർന്ന് മരിച്ച നോർത്ത് പറവൂർ സ്വദേശി സുകുമാരന്‍റെ ഹൃദയം പിടിപ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച സുകുമാരന്‍റെ ഹൃദയം ആലപ്പുഴ മാന്നാർ മേൽപ്പാട പാമ്പനത്ത് പുത്തൻവീട്ടിൽ പി.എ. എബ്രഹാമിന് വച്ചുപിടിപ്പിക്കുകയായിരുന്നു.2015ല്‍ കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ഡോ.ജോസ് ചാക്കോ പെരിയപുറത്തിന്‍റെയും ഡോ. ജയകുമാറിന്‍റെയും നേതൃത്വത്തില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി.മാത്യു അച്ചാടനെന്നയാള്‍ക്കാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്.പാലക്കാട് സ്വദേശി ഗിരീഷ്‌കുമാർ എന്ന സോഫ്ട്‌വെയർ എഞ്ചിനീയർക്കും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്‍റെ നേതൃത്വത്തില്‍ രണ്ടുവട്ടം ഹൃദയം മാറ്റിവച്ചു. ജന്മനാൽ ലഭിച്ച ഹൃദയം പാതിവഴിയിൽ സ്വാഭാവികത കൈവെടിഞ്ഞപ്പോഴാണ് ആദ്യമായി ഗിരീഷിന്‍റെ ഹൃദയം മാറ്റിവച്ചത്.ശസ്ത്രക്രിയയുടെ സങ്കീർണതയേക്കാൾ അനുയോജ്യമായ ഹൃദയം കിട്ടുകയെന്നതാണ് ബുദ്ധിമുട്ടെന്ന് ഡോ.ജോസ് ചാക്കോ പെരിയപുറം അഭിപ്രായപ്പെടുന്നു

ഹൃദയം മാറ്റിവയ്ക്കലിൽ രണ്ടു വ്യക്തികളാണ് നിർണായകം. നല്കുന്നയാളും ഏറ്റുവാങ്ങുന്നയാളും. മസ്തിഷ്‌കമരണം സംഭവിച്ച ഒരാളുടെ ഹൃദയമാണ് മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്നത്. തലച്ചോറിലെ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന ഭാഗം നിശ്ചലമാകുമ്പോഴാണ് മസ്തിഷ്‌കം മരിച്ചുവെന്ന് പറയുക. പിന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെയാകും രോഗിയുടെ ജീവൻ നിലനിർത്തുന്നത്. വെന്റിലേറ്റർ എപ്പോൾ മാറ്റുന്നുവോ മൂന്നുമിനിട്ടിനകം മരിക്കും. ഹൃദയം നല്കാൻ മരിച്ചയാളുടെ ബന്ധുക്കൾ സമ്മതിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അത് ഏറ്റുവാങ്ങാൻ ഒരാൾ സന്നദ്ധനാകുന്നതും. ഹൃദയത്തിനൊപ്പം അയാളിൽ ഒട്ടിച്ചേരുന്നത് മറ്റൊരാളാണ് എന്ന വിചാരം മാനസികമായ പലബുദ്ധിമുട്ടുകളും ഉണ്ടാക്കാം. വേറൊരു വ്യക്തിയുടെ വികാരങ്ങളും സ്വഭാവവും എന്തിന് ആത്മാവ് തന്നെയും ഹൃദയത്തിനൊപ്പം തന്നിലേക്കെത്തുന്നുവെന്ന് സ്വീകർത്താവിന് തോന്നിയേക്കാം.

സാധാരണ ഗതിയില്‍ കാര്‍ഡിയോ മയോപ്പതി, കണ്‍ജനൈറ്റല്‍ ഹാര്‍ട്ട് ഡിസീസ്, കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹാര്‍ട്ട് വാല്‍‌വ് ഡിസീസ്, ജീവന് ഭീഷണി ഉയര്‍ത്തുന്ന അരിത്മിയാസ് എന്നീ അവസ്ഥകളിലാണ് ഹൃദയം മാറ്റി വയ്ക്കല്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്. സമൂഹത്തിലുണ്ടായ മാറ്റങ്ങളാണ് ഹൃദ്രോഗം വ്യാപകമാവാൻ കാരണമായതെന്നാണ് ഈ രംഗത്തെ വിദഗ്ദ ഡോക്ടര്‍മാരുടെ അഭിപ്രായം. പുകവലി, കൊഴുപ്പ്, മാനസികസംഘർഷം, പ്രമേഹം, അമിത ഭാരം തുടങ്ങിയവയാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. മാറിയ സമൂഹത്തിൽ നേരിടേണ്ടി വരുന്ന ഉയർന്ന സമ്മർദം തുടങ്ങിയവയാണ് പലപ്പോഴും ഹൃദ്രോഗത്തിന് കാരണമാവുന്നത്. ഹൃദ്രോഗം ബാധിച്ചവരിൽ ചെറിയൊരു ശതമാനത്തിന് പിന്നീട് ഹാർട്ട് ഫൈലർ സ്വഭാവമുണ്ടാകുകയും ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് വിധേയരാവുകയും ചെയ്യേണ്ടി വരുന്നുണ്ട്.

Related Articles

Latest Articles