ദില്ലി: നാഷണൽ ഹെറാൾഡ് ഓഫീസ് ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അഴിമതിക്കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ദില്ലിയിലെ ഓഫീസ് പരിശോധിക്കാൻ ഇഡി എത്തിയിരിക്കുന്നത്.
ജൂലൈ 27-നായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്ന് തവണയായി ഇത്തരത്തിൽ സോണിയയെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കളായ പവൻ ബൻസാൽ, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരും ചോദ്യം ചെയ്യപ്പെട്ടു. ഏകദേശം അഞ്ച് ദിവസത്തോളമായി 50 മണിക്കൂറോളം സമയം രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
നാഷണൽ ഹെറാൾഡ് ഇടപാടിൽ സോണിയയും രാഹുലും ചേർന്ന് 395 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നാണ് പറയപ്പെടുന്നത്. 2,000 കോടിയോളം വിലവരുന്ന സ്വത്തുവകകൾ തുച്ഛമായ വിലയ്‌ക്ക് സോണിയയും രാഹുലും ചേർന്ന് സ്വന്തമാക്കിയെന്നും കേസിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 2012ലാണ് പരാതി ഉയരുന്നത്. അസോസിയേറ്റ് ജേണൽസ് ലിമിറ്റഡിന്റെ ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന കാര്യമാണ് ഇഡി അന്വേഷിക്കുന്നത്.

