ദില്ലി: നാല് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കുമെന്ന് റിപ്പോർട്ട്. പ്രിയങ്ക ഗാന്ധി എഐസിസി സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നും, പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി മാറിയേക്കുമെന്നാണ് സൂചന.
നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഗ്രൂപ്പ് 23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമർശനമാണ് ഇപ്പോഴത്തെ തീരുമാനങ്ങളിലേക്ക് നയിച്ചത്.
എന്നാൽ സോണിയയും രാഹുലും പ്രിയങ്കയും സമ്മർദ്ദ തന്ത്രം പയറ്റുകയാണോയെന്ന് സംശയം ദേശീയ തലത്തിൽ ഉയർന്നിട്ടുണ്ട്. അതേസമയം പാർട്ടി പ്രവർത്തക സമിതി നാളെ ചേരാനിരിക്കെ വലിയ പ്രഖ്യാപനങ്ങൾക്ക് ഇത് ഇടയാക്കിയേക്കും.
നാളെ വൈകീട്ട് നാലിനാണ് യോഗം ചേരുക. യാഫെത്തിൽ രാഷ്‌ട്രീയ ലോകം ഉറ്റുനോക്കിയ ഉത്തർപ്രദേശിലെയുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനം പാർട്ടി നേതൃത്വം ചർച്ച ചെയ്യും.
നിയമസഭ തെരഞ്ഞെടുപ്പിലെ തകർച്ചയോടെ പാർട്ടി പുതിയ പ്രതിസന്ധി നേരിടുകയാണ്. ഇതേതുടർന്ന് തിരുത്തൽവാദി നേതാക്കൾ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ എന്നിവർ ഗുലാംനബിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സമിതി യോഗത്തിൽ സംഘടന തെരഞ്ഞെടുപ്പ് വേഗത്തിൽ പൂർത്തിയാക്കൽ, പാർട്ടിയിലെ സമഗ്ര അഴിച്ചുപണി, തുടങ്ങിയ കാര്യങ്ങൾ നേതാക്കൾ പ്രവർത്തക ആവശ്യപ്പെടും.

