Thursday, October 8, 2026

യുക്രെയ്‌നിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും; നടപടികൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രി

ദില്ലി: യുക്രെയ്‌നിൽ കൊല്ലപ്പെട്ട നവീന്റെ (Naveen Shekharappa)മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. ഷെല്ലിങ് അവസാനിച്ചതിന് ശേഷമായിരിക്കും മൃതദേഹം കൊണ്ടു വരികയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ നവീന്റെ മൃതദേഹം എംബാം ചെയ്ത് യുക്രെയ്‌നിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബൊമ്മൈ പറഞ്ഞു. മാർച്ച് ഒന്നിന് രാവിലെയോടെയാണ് ഖാർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. കർണാടകയിലെ ഹവേരി ജില്ല സ്വദേശിയാണ് നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ. ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ നവീൻ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോഴാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതേസമയം കഴിഞ്ഞ ശനിയാഴ്ച രാവിലെ നവീൻ ശേഖരപ്പയുടെ കുടുംബത്തിന് മുഖ്യമന്ത്രി 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. അതോടൊപ്പം നവീനിന്റെ ഏതെങ്കിലും കുടുംബാംഗത്തിന് ജോലി നൽകുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. പ്ലസ് ടൂവിന് 97 ശതമാനം മാർക്ക് ലഭിച്ചെങ്കിലും നീറ്റ് പ്രവേശന പരീക്ഷയിൽ ആദ്യ പട്ടികയിൽ ഇടം പിടിക്കാനായില്ല. പിന്നാലെ ഉപരിപഠനത്തിനായി ഖാർകീവ് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു.

Related Articles

Latest Articles