Friday, October 2, 2026

ഓപ്പറേഷൻ ഗംഗ അന്തിമഘട്ടത്തിൽ; 15 ,920 പേർ ഇതുവരെ രാജ്യത്തെത്തി; യുക്രെയ്‌നിൽ നിന്നും പറന്നെത്തിയത് 76 വിമാനങ്ങൾ

ദില്ലി: ഓപ്പറേഷൻ ഗംഗ (Indians Evacuation From Ukraine ) അന്തിമഘട്ടത്തിലേയ്ക്ക്. യുക്രെയ്‌നിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ആരംഭിച്ച ഓപ്പറേഷൻ ഗംഗയിലൂടെ ഇതുവരെയെത്തിയത് 15 ,920 പേർ. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യക്കാരുമായി യുക്രെയ്‌നിൽ നിന്ന് പറന്നെത്തിയത് 76 വിമാനങ്ങൾ ആണ്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. റൊമാനിയയിൽ നിന്നും 31 വിമാനങ്ങളിലായി 6,680 പേരും, പോളണ്ടിൽ നിന്നും 13 വിമാനങ്ങളിലായി 2,822 പേരും, ഹംഗറിയിൽ നിന്ന് 26 വിമാനങ്ങളിലായി 5,300 പേരും, സ്ലോവാക്യയിൽ നിന്നും 6 വിമാനങ്ങളിലായി1118 പേരുമാണ് മടങ്ങിയെത്തിയത്.

അതേസമയം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ദില്ലിയിലെത്തി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെ 4.30ഓടെയാണ് ദില്ലിയിലെ വിമാനത്താവളത്തിലെത്തിയത്. 160 ഇന്ത്യൻ പൗരന്മാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. നാട്ടിൽ തിരികെ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും, കേന്ദ്ര സർക്കാർ വാഗ്ദാനം നൽകിയത് പോലെ എല്ലാ സജ്ജീകരണങ്ങളും ഹംഗറിയിൽ ഒരുക്കിയിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. യുക്രെയ്ൻ കടന്നതിന് ശേഷം അതിർത്തിയിൽ ഇന്ത്യൻ എംബസി നിരന്തരം തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും മടങ്ങി എത്തിയ ഇന്ത്യൻ പൗരന്മാർ പറഞ്ഞു.

Related Articles

Latest Articles