Tuesday, September 22, 2026

കോൺഗ്രസ് വിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് നവ്ജോത് കൗർ സിദ്ധു; ‘ഭാരതീയ രാഷ്ട്രവാദി പാർട്ടി’ ദേശീയ ബദലാകുമെന്ന് പ്രഖ്യാപനം

അമൃത്സർ : മുൻ പഞ്ചാബ് എംഎൽഎ നവ്ജോത് കൗർ സിദ്ധു പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘ഭാരതീയ രാഷ്ട്രവാദി പാർട്ടി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം കഴിഞ്ഞദിവസം രാത്രി വൈകി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) അവർ നടത്തിയത്. ഈ വർഷം ജനുവരിയിൽ കോൺഗ്രസിൽ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് ദേശീയ തലത്തിൽ പുതിയ രാഷ്ട്രീയ ബദൽ ലക്ഷ്യമിട്ട് കൗർ രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലവാരം പരിശോധിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പൊതുജനങ്ങളുടെ ക്ഷേമത്തിനും നീതിക്കും സമാധാനത്തിനുമായി പ്രവർത്തിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയായിരിക്കും ഈ പാർട്ടിയെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് കൗറിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. രാഹുൽ ഗാന്ധി, പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ് തുടങ്ങിയ മുതിർന്ന നേതാക്കൾക്കെതിരെ പരസ്യമായി രംഗത്തുവന്നതിനെത്തുടർന്നാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. പഞ്ചാബിന്റെ വികസനത്തിനും ഭരണസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പാർട്ടി പ്രത്യേക മുൻഗണന നൽകുമെന്നും രാജ്യപുരോഗതിക്കായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നും അവർ പ്രഖ്യാപനത്തിൽ കൂട്ടിച്ചേർത്തു.

നവ്ജോത് സിംഗ് സിദ്ധുവിന്റെ ഭാര്യയായ നവ്ജോത് കൗർ 2012-ൽ ബിജെപി ടിക്കറ്റിലാണ് അമൃത്സർ ഈസ്റ്റിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്. പുതിയ പാർട്ടിയുടെ സംഘടനാ സംവിധാനം, ഭാരവാഹികൾ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ നിലപാടുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൗറിന്റെ ഈ പുതിയ നീക്കം ഇന്ത്യൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് പഞ്ചാബിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Related Articles

Latest Articles