വയനാട് : പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ദേശീയ ദുരന്ത നിവാരണ സേന അവസാനിപ്പിക്കുന്നു. കാണാതായവരുടെ ബന്ധുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംഘം തിരച്ചില്‍ നിര്‍ത്തുന്നത്. എന്നാല്‍ പ്രദേശത്ത് നിന്ന് ഇനിയും അഞ്ച് മൃതദേഹങ്ങള്‍ കൂടി ലഭിക്കാനുള്ള സാഹചര്യത്തിൽ നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരാനാണ് തീരുമാനം.
നേരത്തെ പോലീസും, ഫയര്‍ഫോഴ്‌സും, ദുരന്തനിവാരണ സേനയും, വനംവകുപ്പും, സന്നദ്ധ സംഘടനകളും സംയുക്തമായി നടത്തിയ തിരച്ചിലില്‍ 12 പേരുടെ മൃതദേഹമാണ് കണ്ടെത്തിയിരുന്നു.
പുത്തുമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മേപ്പാടി പഞ്ചായത്ത് ഹാളില്‍ ചേർന്ന യോഗത്തിലാണ് തിരച്ചില്‍ ഇനി തുടരേണ്ടതില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചത്. എന്നാല്‍ കുടുംബം അഭ്യർത്ഥിച്ചതിനെത്തുടർന്ന് കാണാതായ പുത്തുമല സ്വദേശി ഹംസയ്ക്കായി മറ്റന്നാൾ ഒരിക്കല്‍ കൂടി തിരച്ചില്‍ നടത്തും.

