Monday, September 21, 2026

നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ ക്ഷേത്ര പുനപ്രതിഷ്ഠ 7 ന്

തിരുവനന്തപുരം: ശ്രീരാമകൃഷ്ണമഠത്തിന് കീഴിലെ നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ഷേത്രത്തിന്റെ വിപുലമായ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 7-ന് രാവിലെ 6-ന് രാമകൃഷ്ണമഠം വൈസ് പ്രസിഡന്റ് സ്വാമി ഗൗതമാനന്ദ, ശ്രീരാമകൃഷ്ണദേവന്റെ പുനഃപ്രതിഷ്ഠാകര്‍മം നിര്‍വഹിക്കും. പുനഃപ്രതിഷ്ഠയുടെ ഭാഗമായി 6 മുതല്‍ 8 വരെ പ്രത്യേകപൂജകള്‍, ഹോമം, ഭജന, കലാപരിപാടികള്‍, പൊതസമ്മേളനം എന്നിവ ഉണ്ടായിരിക്കും.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ കേരളത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനം ആരംഭിച്ചിരുന്നു. 1916-ല്‍ നെട്ടയം കുന്നില്‍ രാമകൃഷ്ണമഠത്തിന് ബ്രഹ്മാനന്ദ സ്വാമി തറക്കല്ലിട്ടു. 1924-ല്‍ സ്വാമി നിര്‍മലാനന്ദയാണ് ശ്രീരാമകൃഷ്ണദേവന്റെ പ്രതിഷ്ഠ നടത്തിയത്. കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലായ ക്ഷേത്രവും അനുബന്ധമന്ദിരങ്ങളും ഭക്തരുടെ സഹായത്തോടെയാണ് നവീകരിച്ചത്. മഠത്തിന്റെ നേതൃത്വത്തില്‍ ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ആശുപത്രി, സമീപപ്രദേശങ്ങളില്‍ വിദ്യാഭ്യാസം, ട്രൈബല്‍ മേഖലയില്‍ ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
6ന് രാവിലെ 5-ന് നെട്ടയം ജങ്ഷന്‍ മുതല്‍ ആശ്രമം വരെ സന്ന്യാസിമാരും ഭക്തരും പങ്കെടുക്കുന്ന ഘോഷയാത്ര, 7-ന് രാവിലെ 6ന് ഘോഷയാത്ര, പുനഃപ്രതിഷ്ഠ, വൈകീട്ട് 4-ന് പൊതുസമ്മേളനത്തില്‍ മഠം വൈസ് പ്രസിഡന്റ് സ്വാമി ഗൗതമാനന്ദ അധ്യക്ഷനാകും. വിവിധ ഹൈന്ദവമഠങ്ങളില്‍ നിന്നു സന്ന്യാസിമാര്‍ പങ്കെടുക്കും. വൈകിട്ട് 4-ന് പൊതുസമ്മേളനത്തില്‍ രാമകൃഷ്ണാശ്രമമഠം ട്രസ്റ്റി സ്വാമി ഗിരീഷാനന്ദ അധ്യക്ഷത വഹിക്കും.

Related Articles

Latest Articles