Sunday, December 21, 2025

ലോകം വീണ്ടും കോവിഡ് വ്യാപനത്തിലേയ്ക്ക്; ഇസ്രയേലിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തി; അടുത്ത തരംഗം ഉടനെന്ന് റിപ്പോർട്ട്; ലക്ഷണങ്ങൾ ഇങ്ങനെ…

വീണ്ടും ഭീതി പടർത്തി കോവിഡ്. ഇസ്രയേലിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്(New Covid Variant In Israel). ഇസ്രയേലിലേക്കെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്നാണ് ഇസ്രയേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയും ഇസ്രയേലിൽ നിന്ന് നൽകിയ റിപ്പോർട്ടുകൾ പഠന വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവനകൾ ഒന്നും ലോകാരോഗ്യ സംഘടന നടത്തിയിട്ടില്ല. ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎ.1, ബിഎ.2 എന്നിവയുടെ സങ്കരമാണ് പുതിയ വകഭേദമെന്നാണ് റിപ്പോർട്ട്.

ലോകത്തിന് അജ്ഞാതമായ പുതിയ കോവിഡ് വൈറസിനെ കണ്ടെത്തിയെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. പനി, പേശീവേദന, തലവേദന തുടങ്ങിയവയാണ് പുതിയ വകഭേദത്തിൽ പ്രധാന ലക്ഷണങ്ങളായി പ്രകടമാകുന്നത്. പുതിയ വകഭേദം ബാധിച്ചവർക്കും പ്രത്യേകമായി ചികിത്സയുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം പുതിയ വകഭേദത്തിന്റെ ഉത്ഭവം എവിടെ നിന്നാണ് എന്നത് സ്ഥിരീകരിച്ചിട്ടില്ല.

ലോകത്തെ ഭീതിയിലാഴ്‌ത്തിയ ഒമിക്രോൺ കേസുകൾ എല്ലാ രാജ്യങ്ങളിലും വലിയ രീതിയിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആശ്വാസം നൽകുന്ന ഈ വാർത്തകൾക്ക് പിന്നാലെയാണ് കോവിഡ് പുതിയ വകഭേദത്തെ കണ്ടെത്തിയെന്ന വാർത്ത ഇസ്രയേലിൽ നിന്ന് പുറത്തുവരുന്നത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്.

Related Articles

Latest Articles