Sunday, May 19, 2024
spot_img

വെല്ലുവിളിയായി ഒമിക്രോണിന്റെ പുതിയ വകഭേദം; രാജ്യത്ത് 16 പേർക്ക് രോഗബാധ; ആറുപേർ കുട്ടികൾ, ഒരു നവജാത ശിശുവിനും രോഗം

ഭോപ്പാൽ: രാജ്യത്ത് വെല്ലുവിളിയായി ഒമിക്രോണിന്റെ പുതിയ വകഭേദത്തിന്റെ (New Omicron Variant)വ്യാപനം. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ചവരിൽ നടത്തിയ പരിശോധനയിൽ 16 പേർക്ക് പുതിയ വകഭേദം കണ്ടെത്തി. ഇതിൽ ആറ് പേരും കുട്ടികളാണ്. ജനുവരി ആറു മുതൽ നടത്തിയ പരിശോധനകളിൽ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 16 കേസുകൾ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ചെയർമാൻ വിനോദ് ഭണ്ഡാരി അറിയിച്ചു.

ഇതിൽ ആറ് കുട്ടികളിൽ ഒമിക്രോണിന്റെ പുതിയ വകഭേദമാണ് കണ്ടെത്തിയത്. ഒരാൾ നവജാത ശിശുവാണെന്നാണ് റിപ്പോർട്ട്. ശ്വാസകോശത്തിന്റെ പ്രവർത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബിഎ.1 ഉം ചിലരിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പലരും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് വിദഗ്ധർ പറയുന്നത്. ഒമിക്രോണിന്റെ വകഭേദങ്ങൾ അതിനേക്കാൾ അപകടകാരിയാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ രോഗികൾ പതിനായിരം കടന്നു. കേരളത്തിലും സ്ഥിതി അതീവഗുരുതരമാണ്. കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പിന്റെ അവസാന ഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. തീയറ്ററുകളും, ജിംനേഷ്യങ്ങളും, നീന്തൽക്കുളങ്ങളും അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം. ജില്ലയിൽ ഒരുതരത്തിലുള്ള സാമൂഹിക, സാമുദായിക രാഷ്‌ട്രീയ ഒത്തുചേരലുകളും പാടില്ലെന്നാണ് നിർദ്ദേശം. പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവർഷമൊഴികെ എല്ലാം ഓൺലൈനായി നടത്താനാണ് നിർദ്ദേശം. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല.

Related Articles

Latest Articles