ഓഷിവാര: ബിഹാർ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പരാതിക്കാരിയുടെ കുടുംബമാണ് ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്റെ രേഖകളാണ് കുടുംബം പുറത്തുവിട്ടത്. ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്കാണ് ബിനോയ് കോടിയേരി പണമയച്ചത്. നാല് ലക്ഷം, ഒരുലക്ഷം, അമ്പതിനായിരം എന്നിങ്ങനെ പലതവണകളായി ബിനോയ് പണം അയച്ചതായി ഈ രേഖകളിൽ വ്യക്തമാണ്.
ഇതേ രേഖ നേരത്തെ യുവതിയുടെ കുടുംബം പൊലീസിന് കൈമാറിയിരുന്നു. 2009 മുതൽ 2015 വരെ ബിനോയ് തനിക്ക് പണം തന്നിരുന്നു എന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പാസ്പോർട്ടിന്റെ പകർപ്പും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
ഒളിവിലുള്ള ബിനോയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമായി നടക്കുന്നുണ്ടെങ്കിലും മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുംവരെ ലുക്കൗട്ട് നോട്ടീസിറക്കേണ്ടെന്നാണ് പോലീസ് നിലപാട്. നാളെയാണ് മുംബൈ സെഷൻസ് കോടതി ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പരിഗണിക്കുന്നത്.
കേസിൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നാണ് കോടിയേരി വാദിക്കുന്നത്. 2009 മുതൽ 2015 വരെ യുവതിയും ബിനോയിയും ഭാര്യാഭർത്താക്കൻമാരെപോലെ ജീവിച്ചെന്ന് യുവതി പറയുമ്പോൾ എങ്ങനെയാണ് ബലാൽത്സംഗക്കുറ്റം നിലനിൽക്കുക എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. എന്നാല്‍ വിവാഹവാഗ്ദാനം നടത്തി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണെന്നാണ് പ്രോസിക്യൂഷൻ വാദം. ഈ വാദത്തിലൂടെ യുവതിയുമായി ബന്ധമുണ്ടെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ബിനോയ് കോടിയേരി.

