Monday, May 20, 2024
spot_img

കേരളത്തിന് പൂട്ടിട്ട് തമിഴ്‌നാടും; ഇനി അതിർത്തി കടക്കാൻ ആര്‍ടിപിസിആര്‍ നിർബന്ധം

ചെന്നൈ: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാടും. കേരളത്തിൽനിന്ന് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. ആഗസ്റ്റ് അഞ്ച് മുതല്‍ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവര്‍ക്കാണ് ഈ ചട്ടം ബാധകമായിരിക്കുക. അതേസമയം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനാല് ദിവസം പിന്നിട്ടവര്‍ക്ക് ഇളവ് നല്‍കും.

നേരത്തേ, കേരളത്തിൽനിന്നെത്തുന്നവർക്ക് സമാനമായ നിയന്ത്രണം കർണാടകയും ഏർപ്പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച്‌ വരുന്നതായി ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച്‌ വരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 3,16,13,993 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ആകെ 4.24 ലക്ഷം പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ആകെ 3.16 കോടി പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles