Monday, April 29, 2024
spot_img

നെതര്‍ലന്‍ഡ്‌സിനെ കറക്കി വീഴ്ത്തി സാന്റ്നർ ;നെതർലൻഡ്‌സിനെ 99 റൺസിന് തകർത്ത് ഏകദിന ലോകകപ്പിലെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ന്യൂസീലൻഡ്

ഹൈദരാബാദ് : നെതര്‍ലന്‍ഡ്‌സിനെ 99 റണ്‍സിന് തകര്‍ത്ത് ഏകദിന ലോകകപ്പിലെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ന്യൂസീലന്‍ഡ്. 323 റണ്‍സ് എന്ന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീം 46.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടായി.

നെതര്‍ലന്‍ഡ്‌സിനായി 73 പന്തില്‍ 69 റണ്‍സെടുത്ത കോളിന്‍ അക്കെര്‍മാന്റെ പ്രകടനം തോൽവിക്കിടയിലും ശ്രദ്ധേയമായി. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് 27 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ഏഴാമതായി ക്രീസിലെത്തിയ സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്ട് 29 റണ്‍സെടുത്തു.

10 ഓവറില്‍ 56 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ സ്പിന്നർ മിച്ചൽ സാന്റ്‌നറാണ് കിവീസ് ബൗളിംഗ് നിരയിൽ തിളങ്ങിയത്. മാറ്റ് ഹെന്‍റി മൂന്ന് വിക്കറ്റെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തിരുന്നു. വില്‍ യങ്, രചിന്‍ രവീന്ദ്ര, ക്യാപ്റ്റന്‍ ടോം ലാഥം എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. അതെ സമയം കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ കോണ്‍വെയ്ക്ക് ഇന്ന് 40 പന്തില്‍ നിന്ന് 32 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കോണ്‍വെ പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ രചിനെ കൂട്ടുപിടിച്ച് 77 റണ്‍സും യങ് കൂട്ടിച്ചേര്‍ത്തു. 80 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 70 റണ്‍സെടുത്ത യങ്ങിനെ മടക്കി പോള്‍ വാന്‍ മീകെരനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 51 പന്തുകള്‍ നേരിട്ട രചിന്‍ രവീന്ദ്ര ഒരു സിക്സും മൂന്ന് ഫോറുമടക്കം 51 റണ്‍സെടുത്ത് പുറത്തായി.

നാലാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചലും ടോം ലാഥവും കിവീസ് ഇന്നിങ്സ് ശ്രദ്ധയോടെ മുന്നോട്ടുകൊണ്ടുപോയി. 53 റണ്‍സ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. 47 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 48 റണ്‍സെടുത്ത മിച്ചലിനെ പുറത്താക്കി ഈ കൂട്ടുകെട്ടും പോള്‍ വാന്‍ മീകെരനന്‍ തന്നെ പൊളിച്ചു. 46 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 53 റണ്‍സെടുത്ത് ടോം ലാഥം പുറത്തായി

അവസാന ഓവറുകളിൽ മിച്ചല്‍ സാന്റ്നർ 17 പന്തുകള്‍ നേരിട്ട സാന്റ്നര്‍ മൂന്ന് ഫോറും രണ്ട് സിക്സും പറത്തി 36 റണ്‍സ് നേടിയതോടെ ന്യൂസീലൻഡ് സ്‌കോർ 300 കടന്നു.നെതര്‍ലന്‍ഡ്സിനായി ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരന്‍, റൊളോഫ് വാന്‍ഡെര്‍ മെര്‍വെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി .

Related Articles

Latest Articles