മധുര: മധുരയില്‍ നവജാത ശിശു മരിച്ച വിവരം അധികൃതരില്‍ നിന്ന് ഒളിച്ചു വച്ച് മൃതദേഹം രഹസ്യമായി കുഴിച്ചിട്ടതിന് ശേഷം ദമ്ബതികളെയും രണ്ട് പെണ്‍മക്കളെയും കാണാതായി. ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രദേശത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെ കുഴിച്ചിട്ട സംഭവത്തില്‍ പെണ്‍ ശിശുഹത്യ നടന്നതായി സംശയിക്കുന്നു.
ഡിസംബര്‍ 26 ന് ഒരു നഴ്‌സ് അമ്മയെയും കുഞ്ഞിനെയും പരിശോധിക്കാന്‍ എത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി ദമ്ബതികള്‍ നഴ്സിനെ അറിയിക്കുകയും വീടിനു മുന്നില്‍ സംസ്കരിക്കുകയും ചെയ്തതായി അറിയിച്ചു. തുടര്‍ന്ന് നഴ്‌സ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മരണകാരണം കണ്ടെത്താന്‍ അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയേക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിട്ടതിന് ഐപിസി സെക്ഷന്‍ 318 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്, കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

