തിരുവനന്തപുരം: മാധ്യമങ്ങളില്‍ പിഎസ്‌സിക്കെതിരെ വാര്‍ത്ത വരുന്നതിനെക്കുറിച്ചു കമ്മിഷന്റെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറെക്കൊണ്ട് അന്വേഷണം നടത്താന്‍ പിഎസ്‌സിയുടെ പ്രത്യേക യോഗം തീരുമാനിച്ചു.ഗവര്‍ണറെയും മുഖ്യമന്ത്രിയെയും പിഎസ്‌സി ചെയര്‍മാന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ നേരില്‍ കണ്ട് ഇത്തരം വാര്‍ത്തകളെക്കുറിച്ചു വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ നല്‍കി കമ്മിഷനെയും ചെയര്‍മാനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനെ യോഗം അപലപിച്ചു. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി അംഗീകൃത നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കമ്മിഷനെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും വിശ്വാസ്യതയ്ക്കു ഭംഗം വരുത്തുകയും ചെയ്യുന്നതിനായി ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നിര്‍മിക്കുകയാണെന്നു യോഗം കുറ്റപ്പെടുത്തി.കമ്മിഷനിലുളള വിശ്വാസ്യതയ്ക്ക് ഇത്തരം വാര്‍ത്തകള്‍ എങ്ങനെ മങ്ങലേല്‍പ്പിക്കുന്നുവെന്നും കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ബോധ്യപ്പെടുത്തുന്നതിനാണു ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കാണുന്നത്.
ചില പത്ര, ദൃശ്യ മാധ്യമങ്ങളില്‍ കമ്മിഷന്റെ പല ഫയലുകളിലെയും രഹസ്യ വിവരങ്ങളെക്കുറിച്ചും കമ്മിഷന്‍ തീര്‍പ്പു കല്‍പ്പിക്കാനുളളതും സര്‍ക്കാരിനു പരിശോധിക്കുവാന്‍ സമര്‍പ്പിക്കുന്നതുമായ ഔദ്യോഗിക രേഖകളെക്കുറിച്ചും തെറ്റായും അതിശയോക്തിപരമായും വാര്‍ത്തകള്‍ വരുന്നുണ്ട്.ഇവ എങ്ങനെയാണു മാധ്യമങ്ങളില്‍ വരുന്നതെന്നതു സംബന്ധിച്ചാണു കമ്മിഷന്റെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്.

