Tuesday, September 29, 2026

ചുണ്ടിലും താടിയിലും ആഴത്തിൽ മുറിവ്; തലയോട്ടിയിൽ പൊട്ടൽ; ശ്വാസകോശത്തിന് ക്ഷതം; നെയ്യാറ്റിൻകരയിൽ കമാനം തകർന്നു വീണ് സ്കൂട്ടർ യാത്രക്കാരിയായ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ റോ‍ഡിനു കുറുകെ നിയമ വിരുദ്ധമായി സ്ഥാപിച്ച കമാനം പൊളിക്കുന്നതിനിടെ തകർന്നു വീണ്, സ്കൂട്ടർ യാത്രക്കാരിയായ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ നെയ്യാറ്റിൻകര ഓലത്താന്നിക്കു സമീപം നടന്ന ഗുരുതരമായ അപകടത്തിലും നിയമലംഘനത്തിനും പൊലീസ് കേസ് റജിസ്റ്റർ ചെയ്തത് ഇന്നലെയാണ്. പൂഴിക്കുന്ന് ബി.പി.നിവാസിൽ ബിജുവിന്റെ ഭാര്യയും പൊഴിയൂർ കുടുംബാരോഗ്യ കേന്ദ്രം നഴ്സുമായ ലേഖ (44),മകൾ വിശ്വഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അനുഷ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.

അപകടത്തിൽപ്പെട്ട ലേഖയുടെ ചുണ്ടിലും താടിയിലും ആഴത്തിൽ മുറിവേറ്റു. തലയോട്ടിയിലും പൊട്ടലുണ്ട്. പല്ലുകൾ ഇളകിപ്പോയി. ശ്വാസകോശത്തിനും ക്ഷതം സംഭവിച്ചു.. അനുഷയ്ക്ക് മൂക്കിനാണു പ്രധാന പരുക്ക്. ഇരുവരും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തിരക്കേറിയ റോഡിൽ ഗതാഗതം തടസ്സപ്പെടുത്താതെ കമാനം അഴിച്ചു മാറ്റിയതാണ് അപകടത്തിനു കാരണം. മാറ്റുന്നതിനിടെ ഒട്ടേറെ വാഹനങ്ങൾ കമാനത്തിന്റെ താഴെക്കൂടി കടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഞായറാഴ്ച തന്നെ നെയ്യാറ്റിൻകര പൊലീസിന്റെ ശ്രദ്ധയിൽ എത്തിച്ചെങ്കിലും കേസെടുത്തില്ലെന്നു ലേഖയുടെ ബന്ധുക്കൾ പറഞ്ഞു. പിന്നീട് മാധ്യമശ്രദ്ധ ലഭിച്ചതോടെ കേസെടുത്തു. നവകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് കമാനം സ്ഥാപിച്ചത്. കമാനം വാടകയ്ക്കു നൽകുന്ന ആൾ, ക്ലബ് ഭാരവാഹികൾ എന്നിവർക്കെതിയാണ് കേസെടുത്തിട്ടുള്ളത്.

Related Articles

Latest Articles