Saturday, May 18, 2024
spot_img

കേരളത്തില്‍ സ്ഫോടനത്തിനൊരുങ്ങി ഐ.എസ്; കോയമ്പത്തൂരില്‍ റെയ്ഡ്, ഐഎസ് ഘടകത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍

കോയമ്പത്തൂർ: കേരളത്തിലും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് കോയമ്പത്തൂർ ഘടകത്തിലെ പ്രധാനി ഉക്കടം സ്വദേശി മുഹമ്മദ് അസറുദ്ദീനെ എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീലങ്കൻ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകൻ സഹ്രാൻ ഹാഷിമുമായി ബന്ധമുള്ള മുഹമ്മദ് അസറുദ്ദീൻ ഉൾപ്പടെ ആറ് പേർക്കെതിരെയാണ് എൻഐഎ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഐ.എസ്. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മേയ് 30-ന് എന്‍.ഐ.എ. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ മുതല്‍ കോയമ്പത്തൂരില്‍ പരിശോധന തുടങ്ങിയത്. ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള (38), ഷാഹിന്‍ ഷാ (28), പോത്തന്നൂര്‍ തിരുമറൈ നഗറിലെ അക്രം സിന്ധ (26), കുനിയമുത്തൂരിലെ എം. അബൂബക്കര്‍ (29), ഉമ്മര്‍ നഗറിലെ സദ്ദാം ഹുസൈന്‍ (26) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരോട് വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളിലും ജോലിസ്ഥലങ്ങളിലുമായിരുന്നു റെയ്ഡ്.

കേരളത്തിലും തമിഴ്‌നാട്ടിലും സ്ഫോടനങ്ങള്‍ നടത്താന്‍ യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഐ.എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെന്ന് എന്‍.ഐ.എ. വ്യക്തമാക്കി. സംഘത്തലവനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഖിലാഫജി എഫ്.എക്‌സ്. എന്ന പേരില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്. ശ്രീലങ്കന്‍ ചാവേര്‍ സഹ്‌റാന്‍ ഹാഷിം ഫെസ്ബുക്ക് സുഹൃത്തുമാണ്.

സംഘത്തിലെ മിക്കവരും സഹ്റാനുമായി സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന കാസര്‍കോട്ടെ കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറുമായി ഷാഹിന്‍ ഷായ്ക്ക് അടുത്ത ബന്ധമുണ്ട്. ഇവര്‍ പലതവണ യോഗം ചേര്‍ന്നതായും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഐ.എസ്. കോയമ്പത്തൂര്‍ ഘടകവുമായി ബന്ധപ്പെട്ട മലയാളികള്‍ക്കായും അന്വേഷണംനടക്കുന്നു. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് ഐ.എസ്. കോയമ്പത്തൂര്‍ ഘടകത്തെക്കുറിച്ച്‌ എന്‍ഐഎക്ക് വിവരം ലഭിച്ചത്.

റെയില്‍ 300 എയര്‍ഗണ്‍ വെടിയുണ്ടകള്‍, ഒരു കഠാര, ഇലക്‌ട്രിക് ബാറ്റണ്‍, 14 മൊബൈല്‍ ഫോണുകള്‍, 29 സിം കാര്‍ഡ്, 10 പെന്‍ഡ്രൈവ്, മൂന്ന് ലാപ്ടോപ്പ്, ആറ് മെമ്മറി കാര്‍ഡ്, നാല് ഹാര്‍ഡ് ഡിസ്ക്, ഒട്ടേറെ രേഖകള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തു. ഡിവൈഎസ്പി റാങ്കിലുള്ള ഏഴ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 അംഗ സംഘമാണ് പരിശോധനയ്ക്കു നേതൃത്വംനല്‍കിയത്.

Related Articles

Latest Articles