Friday, March 29, 2024
spot_img

സി.ആര്‍.പി.എഫ്‌. ക്യാമ്പ് ആക്രമിച്ച്‌ അഞ്ചു ജവാന്മാരെ വധിച്ച കേസ്: ജെയ്‌ഷെ ഇ-മുഹമ്മദ്‌ ഭീകരന്‍ അറസ്‌റ്റില്‍

ദില്ലി : 2017-ല്‍ തെക്കന്‍ കശ്‌മീരിലെ ലേത്ത്‌പോറ സി.ആര്‍.പി.എഫ്‌. ക്യാമ്പ് ആക്രമിച്ച്‌ അഞ്ചു ജവാന്മാരെ വധിച്ച കേസില്‍ ജെയ്‌ഷെ ഇ-മുഹമ്മദ്‌ ഭീകരന്‍ അറസ്‌റ്റില്‍. പുല്‍വാമ ജില്ലക്കാരനായ സയീദ്‌ ഹിലാല്‍ ആന്ദ്രാബി (35)യെയാണ്‌ എന്‍.ഐ.എ. അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളെ കോടതി അഞ്ചു ദിവസത്തെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. 2017 ഡിസംബര്‍ 30-നു രാത്രി രണ്ടു ചാവേറുകളെ ഉപയോഗിച്ചാണ്‌ ജെയ്‌ഷെ മുഹമ്മദ്‌ സി.ആര്‍.പി.എഫ്‌ ക്യാമ്പ് ആക്രമിച്ചത്‌.

പോലീസുകാരന്റെ മകനായ പതിനാറുകാരനായിരുന്നു ഇതിലൊരാള്‍. ആക്രമണത്തിനു കേവലം മാസങ്ങള്‍ക്കു മുമ്പാണ്‌ കുട്ടിഭീകരന്‍ ജെയ്‌ഷെയില്‍ ചേര്‍ന്നത്‌. 36 മണിക്കൂര്‍ നീണ്ട തിരിച്ചടിയില്‍ മൂന്ന്‌ ജെയ്‌ഷെ മുഹമ്മദ്‌ ഭീകരരെ ഇന്ത്യ വധിച്ചു. ലഷ്‌കറിന്റെ സജീവാംഗമായ സയീദ്‌ ഹിലാല്‍ ആന്ദ്രാബിയാണ്‌ ഭീകരര്‍ക്ക്‌ ഒളിത്താവളം ഒരുക്കിക്കൊടുത്തത്‌. സി.ആര്‍.പി.എഫ്‌. ക്യാമ്പില്‍ രംഗനിരീക്ഷണം നടത്തി ആക്രമണത്തിനു പശ്‌ചാത്തലമൊരുക്കിയതും ആന്ദ്രാബിയായിരുന്നു.

ഇയാള്‍ പിടിയിലായതോടെ സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. യു.എ.ഇയില്‍ നിന്നു പുറത്താക്കിയ നിസാര്‍ അഹമ്മദ്‌ തന്ദ്രേയെ ഇതേ കേസില്‍ എന്‍.ഐ.എ. ദിവസങ്ങള്‍ക്കു മുമ്ബ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ജമ്മു കശ്‌മീരില്‍ ജെയ്‌ഷെ മുഹമ്മദിനെ ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ പ്രധാന പങ്കുവഹിച്ചെന്നു കരുതുന്ന നൂര്‍ ത്രാലിയുടെ സഹോദരനാണ്‌ നിസാര്‍ അഹമ്മദ്‌ തന്ദ്രേ.

Related Articles

Latest Articles