Sunday, May 19, 2024
spot_img

വൻതോതിൽ ആയുധ ശേഖരണം നടത്തി കശ്മീരിന്റെ സമാധാന അന്തരീക്ഷം ആക്രമണങ്ങളിലൂടെ തകർക്കാൻ ശ്രമിച്ച ഭീകര സംഘടനകളെ വലയിലാക്കി എൻ ഐ എ; ഭീകരാശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു; പൊളിഞ്ഞത് കശ്മീരിനെ തകർക്കാനുള്ള ഭീകരാക്രമണ പദ്ധതി

ജമ്മു കശ്‌മീർ: പുതിയ പേരുകളിൽ തീവ്രവാദ സംഘടനകളെ സംസ്ഥാനത്ത് പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിന് തടയിട്ട് എൻ ഐ എ. സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ റെയ്ഡുകളിൽ നിരവധി പേർ പിടിയിലായി. ഭീകര സംഘാംഗങ്ങളുടെയും അവരെ സഹായിക്കുന്നവരുടെയും കേന്ദ്രങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്. 2019 ന് ശേഷം സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിടുന്ന ഭീകരാക്രമണ പദ്ധതികളെ കുറിച്ചുള്ള രേഖകളടക്കം നിരവധി തെളിവുകൾ പരിശോധനയിൽ പിടിച്ചെടുത്തു. പാകിസ്ഥാൻ ഭീകര സംഘടനകളുമായി ബന്ധമുള്ള പുതിയ സംഘടനകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. ജമ്മു കശ്മീരിലെ ശ്രീനഗർ, ബുദ്ധ്ഗാം ജില്ലകളിലെ മൂന്നുകേന്ദ്രങ്ങളിലായിരുന്നു പരിശോധന. 2022 ജൂൺ 21 ന് എൻ ഐ എ രജിസ്റ്റർ ചെയ്‌ത തീവ്രവാദക്കേസിലാണ് നടപടി. ഇതോടെ ഈ കേസിൽ നടത്തിയ ആകെ റെയ്ഡുകൾ 51 ആയി.

തദ്ദേശീയരായ യുവാക്കളെ സംഘടിപ്പിച്ച് അവർക്ക് ഭീകര പരിശീലനം നൽകി സ്റ്റിക്കി ബോംബുകളും, ഐ ഇ ഡി പോലുള്ള ആയുധങ്ങളും ഉപയോഗിച്ച് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷവും മതസൗഹാർദ്ദവും തകർക്കുകയായിരുന്നു ഭീകരരുടെ ലക്‌ഷ്യം. റെസിസ്റ്റൻസ് ഫ്രണ്ട്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്‌ ജമ്മുകശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ്, കശ്മീർ ടൈഗേഴ്‌സ് തുടങ്ങിയ സംഘടനകൾക്കെതിരെയായിരുന്നു നടപടി. ഈ സംഘടനയിൽപ്പെട്ട ഭീകരർ ആക്രമണങ്ങൾ നടത്താനായി പണവും ആയുധവും ലഹരിമരുന്നുകളും സ്വരൂപിക്കാനും വിതരണം നടത്താനും ശ്രമിച്ചു എന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പാകിസ്ഥാനിൽ നിന്നും ആയുധങ്ങളും ലഹരിമരുന്നു പണവുമായി അതിർത്തികടക്കുന്ന ഡ്രോണുകൾക്ക് പിന്നിൽ ഈ സംഘടനകളാണെന്ന് നേരത്തെ എൻ ഐ എ കണ്ടെത്തിയിരുന്നു. ഈ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാനിൽ നിന്ന് നിർദ്ദേശങ്ങൾ വരുന്നതായും ആശയ വിനിമയത്തിനായി സമൂഹമദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതായും തെളിഞ്ഞിരുന്നു.

Related Articles

Latest Articles