കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം നൽകുന്ന സംഘങ്ങൾ എൻ ഐ എ നിരീക്ഷണത്തിൽ. തിരുവനന്തപുരത്തടക്കം അഞ്ചിടങ്ങളിലാണ് കേരളത്തിൽ എൻ ഐ എ യുടെ റെയ്‌ഡ് പുരോഗമിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ്, കോഴിക്കോട് എന്നിവിടങ്ങളിലാണ് റെയ്‌ഡ്. ദില്ലി, കേരള എൻ ഐ എ യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത് എന്നാണ് വിവരം. ദില്ലിയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിലാണ് റെയ്‌ഡ്. പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം ഇപ്പോഴും കേരളത്തിൽ നിന്ന് ചില സംഘടനകൾ വഴി ലഭിക്കുന്നുണ്ടെന്ന് എൻ ഐ എ സംശയിക്കുന്നു. ചില ഹവാല ഇടപെടലുകളെ കുറിച്ചുള്ള അന്വേഷണവും എൻ ഐ എ ശക്തമാക്കിയിട്ടുണ്ട്.
പാലക്കാട് ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളായ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻ ഐ എ കഴിഞ്ഞയാഴ്ച ഇനാം പ്രഖ്യാപിച്ചിരുന്നു. ഇവർക്കുവേണ്ടിയുള്ള തിരച്ചിലും എൻ ഐ എ സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. ഭീകര സ്വഭാവമുള്ള കൊലപാതകമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസന്വേഷണം നേരത്തെ എൻ ഐ എ ഏറ്റെടുത്തിരുന്നു.

