Sunday, June 2, 2024
spot_img

വ്യാപാരത്തിന്‍റെ മറവിൽ തീവ്രവാദി ഫണ്ടിങ്: കാശ്മീരിൽ ഏഴിടത്ത് എന്‍ഐഎയുടെ മിന്നൽ റെയ്‌ഡ്‌

ശ്രീനഗര്‍: പുല്‍വാമയും ശ്രീനഗറും അടക്കം ജമ്മു കശ്മീരിലെ ഏഴിടങ്ങളിൽ എന്‍ഐഎ റെയ്‌ഡ്‌ നടത്തി. അതിർത്തി വഴി അയല്‍ രാജ്യങ്ങളിലേക്ക് വ്യാപാരം നടത്തുന്നവരുടെ കേന്ദ്രങ്ങളിലാണ് എൻഐഎ മിന്നൽ റെയ്‌ഡ്‌ നടത്തിയത്. ഏഴിടങ്ങളിലും ഒരേ സമയത്തായിരുന്നു റെയ്‌ഡ്‌ നടന്നത്.

ജമ്മു കശ്മീരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് വാര്‍ത്താ ഏജന്‍സികൾ നൽകുന്ന വിവരം,

രണ്ട് വ്യാപാരികളെ കേന്ദ്രീകരിച്ചാണ് എന്‍ഐഎ റെയ്ഡുകള്‍ നടത്തിയത്. ക്രോസ് ലൈന്‍ ഓഫ് കണ്‍ട്രോള്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തന്‍വീര്‍ വാനിയുടെ പുല്‍വാമയിലുള്ള വസതിയടക്കം എന്‍ഐഎ റെയ്ഡ് ചെയ്തു. അര്‍ധസൈനിക വിഭാഗത്തിന്റെയും കശ്മീര്‍ പോലീസിന്റെയും സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്.

പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ അനധികൃത പണം കൈമാറ്റം നടക്കുന്നു എന്ന് എൻഐഎയ്ക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിന്റെ മറവിലാണ് പണം കൈമാറ്റം നടക്കുന്നതെന്നാണ് ലഭ്യമായ വിവരം.

ജൂലൈ 2ന് ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കേസില്‍ വിഘടനവാദി നേതാവായ സയ്ദ് അലി ഷാ ഗിലാനിയുടെ പേരക്കുട്ടിക്ക് എന്‍ഐഎ സമന്‍സ് അയച്ചിരുന്നു. കശ്മീര്‍ താഴ്‌വരയിലെ നിരവധി വിഘടനവാദി നേതാക്കളും വ്യവസായികളും ഇപ്പോൾ എന്‍ഐഎയുടെ കസ്റ്റഡിയിലുണ്ട്.

Related Articles

Latest Articles