ദില്ലി: വധശിക്ഷ കാത്ത് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി മദ്ധ്യസ്ഥ സംഘം ഉടന്‍ യെമനിലേക്ക് തിരിക്കും. വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെയും സഹമന്ത്രി വി മുരളീധരന്റെയും നേതൃത്വത്തില്‍ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യോഗം കൂടിയിരുന്നു. ദയാധനത്തിനായുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി യോഗത്തിന് പിന്നാലെ എംബസിക്ക് നിര്‍ദേശം നല്‍കി.
ദയാധനത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചിരുന്നു. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. തലാലിന്റെ കുടുംബം ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍ (ഒന്നരക്കോടിയോളം രൂപ) ആവശ്യപ്പെട്ടുവെന്നും റംസാന്‍ അവസാനിക്കും മുന്‍പ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പത്ത് ദശലക്ഷം യെമന്‍ റിയാല്‍ കോടതി ചെലവ് ഇനത്തില്‍ പിഴയും നല്‍കണം.

